ലോക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക്


കോട്ടയം: കോവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടന്നു. പോലീസ് നടപടികൾ കടുപ്പിച്ചതോടെ ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. രാവിലെ മുതൽ പ്രധാന തെരുവുകളിലെല്ലാം പോലീസ് പരിശോധന കർശനമാണ്. നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ ഇന്ന് രാവിലെയും കസ്റ്റഡിയിലെടുത്തു. ഇരുചക്ര വാഹനങ്ങളാണ് ഇതിൽ അധികവും. പോലീസ് വിവരങ്ങൾ തിരക്കുമ്പോൾ മതിയായ കാരണം ബോധിപ്പിക്കാൻ കഴിയാത്തവരുടെ വാഹനങ്ങളാണ് കസ്റ്റഡിയിലെടുക്കുന്നത്. 

ചിലർ സാധനങ്ങൾ വാങ്ങാൻ എന്ന വ്യാജേനയും പുറത്തിറങ്ങുന്നുണ്ട്. ഇവർ രണ്ടുകൂട്ടം സാധനം മാത്രമാകും വാങ്ങിയത്. ഇത്തരം രീതി അനുവദിക്കാൻ കഴിയില്ലെന്നും നാല് ദിവസമെങ്കിലും ഉപയോഗിക്കാവുന്ന വിധത്തിൽ സാധനങ്ങൾ വാങ്ങാൻ ഇറങ്ങുന്നവർക്കേ ഇളവ് നൽകൂ എന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം കൂടുതലുള്ള കാസർഗോട്ട് പോലീസ് കർശന പരിശോധനയാണ് നടത്തുന്നത്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നതിന് കസ്റ്റഡിയിലെടുക്കുന്ന വാഹനം ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷം തിരിച്ചു നൽകിയാൽ മതിയെന്നാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ഇന്ന് തിരക്ക് കുറവാണ്.

You might also like

Most Viewed