ഉംപുൺ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിനരികിലേക്ക്; കേരളത്തിൽ ജാഗ്രതാ നിർദ്ദേശം


തിരുവനന്തപുരം: ഉംപുൺ ചുഴലിക്കാറ്റ് ഒഡീഷ തീരത്തിനരികിലേക്ക്. തീരത്തിന് 600 കിലോമീറ്റർ അടുത്താണ് ഇപ്പോൾ ഉംപുൺ. ഇന്നു വീണ്ടും ‌ശക്തി പ്രാപിക്കുന്ന ഉംപുൺ ചുഴലിക്കാറ്റ് മണിക്കൂറിൽ 265 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തത്. നാളെ ബംഗാളിലെ ദിഖയ്ക്കും ബംഗ്ലദേശിലെ ഹതിയ ദ്വീപിനും ഇടയിൽ കര തൊടുമ്പോൾ വേഗം മണിക്കൂറിൽ 185 കിലോമീറ്റർ വരെയായി കുറയും.


അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ പലയിടങ്ങളിൽ ഇന്നലെയും ശക്തമായ കാറ്റിൻ്റെ അകമ്പടിയോടെ കനത്ത മഴ പെയ്തിരുന്നു. ശക്തമായ മിന്നലും ഉണ്ടായിരുന്നു. കേരള, ലക്ഷദ്വീപ് തീരത്ത് മീൻ പിടിക്കാൻ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


അടിയന്തര സാഹചര്യം നേരിടാൻ ബംഗാളിലെയും ഒഡീഷയിലെയും ദുരന്തനിവാരണ സേനാംഗങ്ങളുടെ എണ്ണം 1665 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. കേരളവും കനത്ത ജാഗ്രതയിലാണ്. എൻഡിആർഎഫിന്റെ 37 സംഘങ്ങളെ ബംഗാളിലും ഒഡീഷയിലും വിന്യസിച്ചിട്ടുണ്ട്.

You might also like

Most Viewed