ഉത്ര കൊലപാതകം: സൂരജിന്‍റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ


കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമ്മ രേണുകയും സഹോദരി സൂര്യയും ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിനെത്തിച്ചേരാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടർന്നാണ് പുനലൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്തത്. 

അതിനിടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സ്വർണ്ണം മുഴുവൻ ഉത്രയുടേതെന്ന് തിരിച്ചറിഞ്ഞതായി ഉത്രയുടെ അമ്മ മണിമേഖല വ്യക്തമാക്കി. കുഞ്ഞിന്‍റെ സ്വർണ്ണവും കൂട്ടത്തിലുണ്ടെന്നും അമ്മ മണിമേഖല പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സൂരജിന്‍റെ അച്ഛനെയും അറസ്റ്റ് ചെയ്തിരുന്നു. സ്വർണം തട്ടി എടുക്കുന്നതിൽ സൂരജിന്റെ അച്ഛനും പങ്കുണ്ടെന്നും തെളിവ് നശിപ്പിച്ചതിനും ഗാർഹിക പീഡനത്തിനും ആണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്നും എസ്.പി വ്യക്തമാക്കി. 

കേസിൽ അറസ്റ്റിലായ ഉത്രയുടെ ഭർത്താവ് സൂരജിനെയും അച്ഛനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സൂരജ് ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയത് അതോ കുടുംബത്തിന്‍റെകൂടി പിന്തുണയോടെയാണോ എന്നത് അറിയുന്നതിനാണ് ചോദ്യം ചെയ്യൽ‍.  

You might also like

Most Viewed