വടക്കൻ ജില്ലകളിൽ കാറ്റിലും മഴയിലും വൻ നാശനഷ്ടം; വയനാട്ടിൽ മരം വീണ് 6 വയസുകാരി മരിച്ചു


കോഴിക്കോട്/വയനാട്: ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ നീണ്ടു നിന്ന കനത്ത മഴയിലും കാറ്റിലും വടക്കൻ ജില്ലകളിൽ വ്യാപക നാശനഷ്ടം. വയനാട് തവിഞ്ഞാലിൽ കനത്ത മഴയിൽ വീടിന് മുകളിൽ മരം കടപുഴകി വീണതിനെ തുടർന്ന് ഉറങ്ങി കിടക്കുകയായിരുന്ന ആറ് വയസുകാരി മരിച്ചു. കുട്ടിയുടെ പിതാവിൻ്റെ കാൽ അപകടത്തിൽ പൂർണമായും അറ്റുപോയി. 

വയനാട് തവിഞ്ഞാൽ വാളാട് തോളക്കര കോളനിയിലാണ് മരം വീണ് ആറു വയസുകാരി മരിച്ചത്. ഇന്നലെ രാത്രി പെയ്ത കനത്തമഴയ്ക്കിടെ വീടിനു മുകളിൽ മരം വീണാണ് തോളക്കര കോളനിയിലെ ബാബുവിൻ്റെ മകൾ ജ്യോതിക (6) മരിച്ചത്. അപകടത്തിൽ ബാബുവിൻ്റെ ഒരു കാൽ പൂർണമായും അറ്റു പോയി.

കോഴിക്കോട് നഗരത്തിൽ ശക്തമായ കാറ്റിലും  മഴയിലും വ്യാപകനാശമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണു. വയനാട് റോഡിൽ പാറോപ്പടിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫാറൂഖ് കോളജ് വിമൻസ് ഹോസ്റ്റൽ, പന്തീരങ്കാവ് വള്ളിക്കുന്ന്, കുടൽ നടക്കാവ്, കൂടത്തുംപാറ, പ്രൊവിഡൻസ് കോളേജ്, പയ്യാനക്കൽ, ബേപ്പൂർ, എന്നീ ഭാഗങ്ങളിൽ വൻ മരങ്ങൾ വീണ് ഗതാഗത തടസ്സം ഉണ്ടായി. 

മലപ്പുറത്തും രാത്രി ശക്തമായ മഴയുണ്ടായിരുന്നു. ശക്തമായ കാറ്റിൽ നിലന്പൂർ കരിന്പുഴയിൽ വീടിനു മുകളിൽ മരം വീണു. അറഷഫ് എന്നയാളുടെ വീടിനു മുകളിലാണ് മരം കടപുഴകി വീണത്. വീട്ടുകാർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. രാവിലെയോടെ മഴയ്ക്ക് ശമനമുണ്ട്. 

കാസർകോട് രാത്രി ശക്തമായ മഴയുണ്ടായിരുന്നു. കാഞ്ഞങ്ങാട് തീരദേശമേഖലയിൽ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായി. വീടുകൾക്കു മുകളിൽ മരങ്ങൾ പൊട്ടി വിണു. നിരവധി വൈദ്യുത തൂണുകളും പൊട്ടിവീണു. മൊഗ്രാൽ നാങ്കി കടപ്പുറത്ത് പത്തോളം വീടുകൾ വെള്ളക്കെട്ടിലാണ്. ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും പത്തോളം വീടുകൾ ഭാഗികമായി തകർന്നുവെന്നാണ് ഇതുവരെ ലഭിച്ച വിവരം.

You might also like

  • Lulu Exchange
  • NEC Remit

Most Viewed