സ്വപ്നയെ മറയാക്കി സ്വർണക്കടത്ത് നിയന്ത്രിച്ചത് എം. ശിവശങ്കറാകാമെന്ന് ഇ.ഡി


കൊച്ചി : സ്വപ്നയെ മറയാക്കി സ്വർണക്കടത്തു നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാകാമെന്നും സ്വർണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കർ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ വ്യക്തമാക്കി.

സ്വർണക്കടത്തിൽ ഇ.ഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്താണ് വിശദീകരണം. ആദ്യമായാണ് ശിവശങ്കറിനെതിരെ ഇ.ഡി ഗുരുതരമായ ആരോപണങ്ങളുന്നയിക്കുന്നത്.
സ്വപ്ന പൂർണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വർണക്കടത്തിലെ ലാഭം എത്തിച്ചേർന്നത് ശിവശങ്കറിനാണോയെന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവി വഹിക്കുന്നതിനാൽ സ്വപ്നയെ ഇതിന് മറയാക്കിയതാകാം. ഇക്കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു.
ഇ.ഡി കോടതിയിൽ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പോലും പറയാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ മറുപടി നൽകി. ശിവശങ്കറിനെതിരായ വാട്ട്സാപ്പ് സന്ദേശമടക്കമുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ ഇ.ഡി സമർപ്പിച്ചു. ഇത് ശിവശങ്കറിന്റെ അഭിഭാഷകൻ എതിർത്തെങ്കിലും തെളിവുകൾ പരസ്യമാക്കാനാവില്ലെന്നും അന്വേഷണത്തെ അതു ബാധിക്കുമെന്നും അഡി. സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

ഇ.ഡിയുടെ വാദങ്ങൾ:
 സ്വർണക്കടത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും ഗൂഢാലോചനയിൽ ശിവശങ്കറിനു പങ്കുണ്ട്.
 മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി ഇതിനായി വിനിയോഗിച്ചു.
 ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കാണാൻ ശിവശങ്കറിനൊപ്പം പോയപ്പോൾ സ്വപ്നയുടെ പക്കലുണ്ടായിരുന്ന 30 ലക്ഷം രൂപയടക്കം സ്വർണക്കടത്തിൽ നിന്ന് ലഭിച്ച കമ്മിഷൻ.
 ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല. ഉത്തരങ്ങൾ പലതും കള്ളമാണ്.

You might also like

Most Viewed