പഞ്ചരത്‌നങ്ങളിൽ മൂന്ന് പേര്‍ക്ക് ഗുരുവായൂരില്‍ മാംഗല്യം


ഗുരുവായൂര്‍: 'പഞ്ചരത്‌ന'ങ്ങളില്‍ മൂന്നുപേര്‍ വിവാഹിതരായി. ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ മുന്നിൽവച്ച് രാവിലെ 7.45-നും 8.30-നും മധ്യേ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. സഹോദരൻ ഉത്രജൻ ചടങ്ങുകൾ നടത്തി. ഇവരുടെ സഹോദരി ഉത്രജയുടെ വരന് വിദേശത്ത് നിന്ന് എത്താൻ സാധിക്കാത്തതിനാൽ വിവാഹം മാറ്റിവച്ചിരുന്നു.

തിരുവനന്തപുരം പോത്തന്‍കോട് പ്രേംകുമാര്‍-രമാദേവി ദന്പതിമാര്‍ക്ക് 1995 നവംബര്‍ 18നാണ് അഞ്ചുപേരും ജനിച്ചത്. വൃശ്ചികമാസത്തിലെ ഉത്രം നാളില്‍ പിറന്നതുകൊണ്ട് അവര്‍ക്ക് സാമ്യമുള്ള പേരുകളിട്ടത്.
ഏപ്രിൽ 26നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ലോക്ക് ഡൗൺ കാരണം പ്രവാസികളായ വരന്മാർക്ക് നാട്ടിലെത്താനായില്ല. ഇതേത്തുടർന്നാണ് വിവാഹം മാറ്റിവച്ചത്.
മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് ഫാഷൻ ഡിസൈനറായ ഉത്രയുടെ വരൻ. കോഴിക്കോട് സ്വദേശിയായ മാദ്ധ്യമ പ്രവർത്തകൻ മഹേഷാണ് ഓൺലൈൻ മാദ്ധ്യമ പ്രവർത്തകയായ ഉത്തരയ്‌ക്ക് മിന്ന് ചാർത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അനസ്‌തീഷ്യ ടെക്നീഷ്യയായ ഉത്തമയുടെ വരൻ മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീതാണ്.

You might also like

Most Viewed