വിജിലൻസിന് മൊഴി കൊടുക്കാതിരിക്കാൻ ചെന്നിത്തല ഫോൺ ചെയ്ത് അപേക്ഷിച്ചു: ബിജു രമേശ്

തിരുവനന്തപുരം: ബാർകോഴ കേസ് അന്വേഷണത്തിൽ ഇടതുവലതു മുന്നണികൾ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ്. ബാർ കോഴ കേസിലെ വിജിലൻസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കിൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു.
കേസിൽ 164 പ്രകാരം മൊഴി നൽകുന്നതിന് തലേദിവസം മുതൽ എനിക്ക് ഫോൺ കോളുകൾ വരുന്നുണ്ട്. രാവിലെ ചെന്നിത്തലയുടെ ഗൺമാനാണെന്ന് പഞ്ഞ് ഒരാൾ വിളിച്ചു. എന്നിട്ട് ചേച്ചിക്ക് കൊടുക്കാം എന്നു പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത് അദ്ദേഹം രാത്രി ഒന്നും കഴിച്ചിട്ടില്ല. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് രാവിലെ 11.30 ആയപ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫോണിൽ നിന്നും ചെന്നിത്തല എന്നെ നേരിട്ട് വിളിച്ചു സംസാരിച്ചു. എന്നെ ഉപദ്രവിക്കരുത് അച്ഛനുമായൊക്കെ എനിക്ക് വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നെല്ലാം പറഞ്ഞു.
തിരുത്തൽവാദി പ്രസ്ഥാനം വരും വരെ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വന്നാൽ എന്റെ വാഹനമാണ് ഉപയോഗിച്ചിരുന്നത്. അന്ന് അത്രയും കാല് പിടിച്ചു സംസാരിക്കുന്ന രീതിയിൽ ചെന്നിത്തല പറഞ്ഞപ്പോൾ ആണ് ഞാൻ രഹസ്യമൊഴിയിൽ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. അന്ന് അദ്ദേഹം അഭ്യന്തരമന്ത്രിയാണ്. അന്ന് അങ്ങനെ ചെയ്ത ചെന്നിത്തല പിന്നെ ശങ്കർ റെഡ്ഡിയെ കൊണ്ട് എനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മാണിയെ കൊണ്ട് ബാർ കോഴകേസ് ഞാൻ കെട്ടിച്ചമച്ചതാണ് എന്ന് പരാതിയുണ്ടാക്കിയാണ് അദ്ദേഹം അന്വേഷണം നടത്തിച്ചത്. ഇതൊക്കെയാണ് അവസ്ഥ. പരാതി തന്നെ വ്യാജമാണെന്ന് പറഞ്ഞ് ആ കേസ് തള്ളിപ്പോകുകയാണ് ചെയ്തതതെന്നും ബിജു രമേശ് പറഞ്ഞു.