ഉദ്യോഗാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചു

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം കൂടുതൽ ശക്തമാക്കി പിഎസ്സി ഉദ്യോഗാർത്ഥികൾ. റാങ്ക് ലിസ്റ്റിലെ നിയമനത്തിൽ സർക്കാരിൽ നിന്നു വ്യക്തമായ ഉറപ്പുകിട്ടാത്തതിനെ തുടർന്ന് ഇന്ന് ഉദ്യോഗാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു.
ഈ യോഗം കഴിഞ്ഞ് തീരുമാനം അറിയിക്കുമെന്നായിരുന്നു സൂചനയെങ്കിലും സർക്കാരിൽ നിന്നു പ്രത്യേക അറിയിപ്പൊന്നും ലഭിക്കാത്തതിനാലാണ് നിരാഹാര സമരം ആരംഭിച്ചതെന്നു ഉദ്യോഗാർത്ഥികൾ പറഞ്ഞു.