ഫോബ്സ് അതിസന്പന്ന പട്ടികയില്‍ പത്ത് മലയാളികള്‍; എം.എ യൂസഫലി ഒന്നാമന്

കൊച്ചി: ഫോബ്സ് മാഗസിൻ 2021ൽ തെരഞ്ഞെടുത്ത ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികളും. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യുസഫലിയാണ് ഏറ്റവും സന്പന്നനായ മലയാളി. 480 കോടി ഡോളറാണ് (35,600 കോടി രൂപ) യൂസഫലിയുടെ ആസ്തി. ഫോബ്സ് പട്ടികയില്‍ ആഗോളതലത്തില്‍ 589ാം സ്ഥാനത്തും ഇന്ത്യയില്‍ 26ാം സ്ഥാനത്തുമാണ് യൂസഫലി.
330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. രവി പിള്ള, ബൈജു രവീന്ദ്രൻ (250 കോടി ഡോളര്‍ വീതം), എസ്.ഡി ഷിബുലാൽ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി (140 കോടി ഡോളര്‍), ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളര്‍), ടി.എസ് കല്യാണരാമൻ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.