പ്രഥമ ഇന്ത്യൻ യുവജനോത്സവം 'കലോത്സവത്തനിമ'യ്ക്ക് നാളെ തിരി തെളിയും


കുവൈറ്റ് സിറ്റി : ചരിത്രത്തിലാദ്യമായി കുവൈറ്റിലെ 21 ഇന്ത്യൻ സ്‌കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഇന്റർസ്‌കൂൾ യുവജനോത്സവം കലോത്സവത്തനിമയ്ക്ക് നാളെ (ഡിസംബർ എട്ടിന്) അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ തിരി തെളിയും. ഒരു വ്യാഴവട്ടക്കാലം കൊണ്ട് കുവൈറ്റിലെ സാംസ്കാരിക ജീവിതത്തിൽ മായാത്ത മുദ്ര പതിപ്പിച്ച തനിമയാണ് ഇദംപ്രഥമമായി ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അടുത്തകാലത്ത് അന്തരിച്ച അതുല്യ ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ഐ വി ശശിയോടുള്ള ആദരസൂചകമായി ഐ വി ശശി നഗർ എന്ന് നാമകരണം ചെയ്ത വേദിയിലാണ് മത്സരങ്ങൾ നടക്കുന്നത്.

കലോത്സവത്തനിമയുടെ ഉദ്ഘാടനം വെള്ളിയാഴ്ച (നാളെ) രാവിലെ എട്ടിന് നടക്കും. ഇന്ത്യൻ സ്‌കൂളുകളിലെ 75000-ൽ പരം വിദ്യാർത്ഥികൾക്കിടയിൽ നിന്ന് സ്‌കൂൾ തല മത്സരത്തിൽ വിജയം നേടിയ ആയിരത്തിലധികം കലാപ്രതിഭകളാണ് രണ്ടുദിവസങ്ങളിലായി നടക്കുന്ന യുവജനോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. നൃത്ത-സംഗീത നാട്യ മത്സരവേദികൾ ഇരുപതോളം ഇനങ്ങളിലെ ദേശീയ ജേതാക്കളെ നിർണയിക്കും. സാംസ്ക്കാരിക വൈവിധ്യം വിളംബരം ചെയ്തുകൊണ്ട് കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ ലഘു പതിപ്പായി കലോത്സവത്തനിമാദിനങ്ങളിൽ ഐ വി ശശി നഗർ മാറും.

ശനിയാഴ്ച രാവിലെ ഒൻപതിന്, 21 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പേൾ ഓഫ് ദി സ്‌കൂൾ വിജയികളെ പങ്കെടുപ്പിച്ച് ഡോ. എ പി ജെ അബ്ദുൾ കലാം പേൾ ഓഫ് കുവൈറ്റ് അവാർഡ് ജേതാവിനെ കണ്ടെത്തുന്നതിനുള്ള അന്തിമ മത്സര റൗണ്ടുകൾ നടക്കും. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രൗഢ ഗംഭീരവും വര്ണശബളവുമായ സമാപനസമ്മേളനത്തിൽ കലോത്സവ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ഇന്ത്യയിലും കുവൈറ്റിലും നിന്നുള്ള കലാ സാംസ്കാരിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ വിശിഷ്ട വ്യക്തികൾ കലോത്സവത്തനിമയിൽ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായുള്ള കർമ്മ സംഘത്തിന്റെ പരിശീലനം നവംബർ 24,30തീയതികളിൽ അബ്ബാസിയ കേരളാ ആർട്ട് സർക്കിളിൽ നടന്നു. കലോത്സവത്തനിമ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ജലീബ് സൂക്ക് സമുച്ചയത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി പി. നാരായണൻ ഇക്കഴിഞ്ഞ ബുധനാഴ്ച നിർവഹിച്ചു. തനിമ ജനറൽ കൺവീനർ ജേക്കബ് വർഗീസ്, കലോത്സവത്തനിമ ജനറൽ കൺവീനർ ജോണി കുന്നിൽ, പ്രോഗ്രാം കൺവീനർ ബാബുജി ബത്തേരി എന്നിവരുടെനേതൃത്വത്തിൽ കുവൈറ്റിലെ പ്രഥമ ഇന്ത്യൻ യുവജനോത്സവം വിജയിപ്പിക്കാനുള്ളഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

You might also like

Most Viewed