ഹൃദയത്തിൽ സൂക്ഷിക്കാൻ സംഗീത-നൃത്ത സന്ധ്യക്ക്‌ ഒരുക്കങ്ങൾ പൂർത്തിയാകുന്നു


കുവൈത്ത് സിറ്റി : കുവൈത്തിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈത്ത്‌, 2018 ഫെബ്രുവരി 25 ന്, വൈകുന്നേരം അഞ്ച് മുപ്പതു മുതൽ അബ്ബാസിയ മറീന ഹാളിൽ വച്ച്, ജില്ലയിലെ സാമൂഹിക ക്ഷേമ- ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിനുവേണ്ടി സംഘടിപ്പിക്കുന്ന മെഗാ ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

“ഹൃദയത്തിൽ സൂക്ഷിക്കാൻ” എന്ന് പേരിട്ടിരിക്കുന്ന സംഗീത-നൃത്ത സന്ധ്യക്ക്‌ ഇന്ത്യയിലെ പ്രശസ്ത കലാകാരന്മാരായ എം. ജി. ശ്രീകുമാർ, മൃദുല വാരിയർ, ശ്രേയ ജയ്ദീപ്, താരാ കല്യാൺ, മകൾ സൗഭാഗ്യ വെങ്കിടേഷ്, അബ്ദുറഹ്മാൻ എന്നിവരാണ് പങ്കെടുക്കുന്നത്. ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനൂപ് കോവളത്തിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം കലാകാരൻമാർ പങ്കെടുന്ന ലൈവ് ഓർക്കസ്ട്ര പരിപാടിക്ക് കൊഴുപ്പേകും.

2001 ഫെബ്രുവരി 25 ന് ആണ് പത്തനംതിട്ട അസോസിയേഷന്‍ എന്ന പേരില്‍ കുവൈറ്റില്‍ സംഘടന രൂപീകരിക്കപ്പെടുന്നത്. 2010 ല്‍ പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തനം വിപുലീകരിച്ചു. സാമൂഹിക ക്ഷേമത്തില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍, നഷ്ട്ടപ്പെട്ടു പോകുന്ന പൈതൃക മൂല്യങ്ങള്‍ പുതു തലമുറയിലേക്കു പകരുക എന്ന ലക്ഷ്യത്തോടു കൂടി നടത്തുന്ന സാംസ്കാരിക പരിപാടികള്‍ , പ്രവാസികളുടെ സര്‍ഗ്ഗ വാസനകള്‍ പരിപോക്ഷിപ്പിക്കുന്ന കലാമത്സരങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും അസോസിയേഷന്‍ നടത്തിവരുന്നു.

കലാ കായിക വിദ്യാഭ്യാസ രംഗങ്ങളില്‍ പത്തനംതിട്ട ജില്ലയുടെ പ്രകടനം താരതമ്യേന പിന്നില്‍ ആണ്, വ്യക്തിഗതമായ ചില നേട്ടങ്ങള്‍ കാണാതെ അല്ല ഇത് പറയുന്നത്. ഇതിനൊരു പരിഹാര മാര്‍ഗം എന്ന നിലയില്‍ ,കുട്ടികള്‍ക്ക് പ്രചോദനം ആവുന്ന രീതിയില്‍ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി ആണ് ഹോപ്പ് സ്കോളര്‍ഷിപ്പ്.

ഒന്ന് മുതല്‍ പ്ലസ് 2 തലം വരെയുള്ള, പാഠ്യ-പാഠ്യേതര രംഗത്ത് സമര്‍ത്ഥരും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ആയ കുട്ടികളെ കണ്ടെത്തി പഠന ചെലവ് നേരിടാന്‍ സഹായിക്കുക എന്നതാണ് പദ്ധതി . 2014 ജൂണില്‍ കുഴിക്കാല സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പതിമൂന്ന് കുട്ടികള്‍ക്ക് സഹായം നല്‍കിക്കൊണ്ട് , രാജ്യ സഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ എം പി ആണ് ഉദ്ഘാടനം ചെയ്തത്.

2016 ല്‍ 96 കുട്ടികള്‍ക്കും , കഴിഞ്ഞ വര്‍ഷം ജില്ലയിലെ 101 കുട്ടികള്‍ക്കും, കായിക രംഗത്ത് പത്തനംതിട്ടയുടെ യശസ്സ് ഉയര്‍ത്തിയ കായിക പ്രതിഭകള്‍ക്ക് പുരസ്കാരങ്ങളും, അട്ടത്തോട്‌ tribal സ്കൂളിന് പഠനോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സഹായവും നല്കുവാന്‍ കഴിഞ്ഞു. ഈ പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് മൂലധനം കണ്ടെത്തുകയാണ് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്.

താര സന്ധ്യക്ക് മുഖ്യ പ്രായോജകരായി ഇന്ത്യയിലെ പ്രമുഘ ബാങ്കിങ് സ്ഥാപനമായ സൌത്ത് ഇന്ത്യൻ ബാങ്കും, ഇൻഷ്വറൻസ് സ്ഥാപനമായ കോടക് ലൈഫ് ഇൻഷുറൻസും കൈ കോർക്കുകയാണ്.കുവൈറ്റിന്റെ ദേശീയദിനാഘോഷത്തോടൊപ്പം ഈ പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അസോസിയേഷന് അതിയായ സന്തോഷം ഉണ്ട്. മെഗാ ഇവന്റിന്റെ വിജയത്തിനായി കുവൈത്തിലെ എല്ലാ പ്രവാസി സുഹൃത്തുക്കളുടെയും മാധ്യമങ്ങളുടെയും പിന്തുണയും, സഹകരണവും അസോസിയേഷൻ അഭ്യർത്ഥിക്കുന്നു.

പത്രസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡണ്ട് കെ. ജയകുമാർ, രക്ഷാധികാരി ഉമ്മൻ ജോർജ്ജ്, ജനറൽ സെക്രട്ടറി മുരളി എസ്. പണിക്കർ, ട്രഷറർ തോമസ് ജോൺ അടൂർ , ഇവന്റ് കൺവീനർ പി റ്റി ശാമുവേൽകുട്ടി എന്നിവർ അസോസിയേഷനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

You might also like

Most Viewed