കു­വൈ­ത്ത് ആരോ­ഗ്യ മന്ത്രാ­ലയത്തി­ലെ­ 65 വയസ് കഴി­ഞ്ഞ വി­ദേ­ശി­കളെ­ പി­രി­ച്ചു­വി­ടാൻ ഉത്തരവ്


കുവൈത്ത് സിറ്റി : ആരോഗ്യമന്ത്രാലയത്തിൽ 65 വയസ്സിനുമുകളിലുള്ള വിദേശികളെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹ് ഉത്തരവിട്ടു. നിലവിലുള്ള കരാർ കാലാവധി അവസാനിക്കുന്നതോടെയാകും പിരിച്ചുവിടൽ. ഡോക്ടർമാരുടെ കാര്യത്തിൽ അവരുടെ അവസാനത്തെ രണ്ടുവർഷത്തെ പ്രവർത്തനമികവ് വിലയിരുത്തി മന്ത്രാലയത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം ഉപാധികൾക്കു വിധേയമായി പിരിച്ചുവിടേണ്ടതില്ലെന്നും ഉത്തരവിലുണ്ട്.

വാർഷിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 70 തികയുംവരെ പരമാവധി അഞ്ച് തവണയാകും അത്തരക്കാർക്ക് സേവനകാലാവധി നീട്ടിനൽകൽ. അതിനായി ബന്ധപ്പെട്ട വ്യക്തിയുടെ അപേക്ഷയും ആശുപത്രി മാനേജരുടെയും അതതു വകുപ്പു തലവന്റെ അപേക്ഷയും സമർപ്പിക്കണം. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും കൂടുതൽ സ്വദേശികൾക്ക് അവസരം ലഭ്യമാക്കുന്നതിന് വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന നയത്തിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

അതിനിടെ വിദേശ എൻ‌ജിനീയർമാരുടെ താമസാനുമതി പുതുക്കൽ കുവൈത്ത് എൻ‌ജിനീയേഴ്സ് സൊസൈറ്റിയുടെ സമ്മതപത്രത്തോടുകൂടി മാത്രമാകണമെന്ന് മാൻ‌പവർ ജനറൽ അതോറ്റി ഉത്തരവിട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു. വിദേശ എൻ‌ജിനീയർമാരുടെ നിയമനം സുതാര്യമാക്കാൻ ഇ−-രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തുമെന്നു കഴിഞ്ഞദിവസം അധികൃതർ അറിയിച്ചിരുന്നു. അതേസമയം സ്വകാര്യ സ്ഥാപനങ്ങളിലെ ഭരണനിർവഹണ വിഭാഗം(Administrative) ജോലികൾ സംബന്ധിച്ച പൂർണമായ വിവരങ്ങൾ ശേഖരിക്കാൻ അധികൃതർ നടപടി തുടങ്ങിയതായും റിപ്പോർട്ടുണ്ട്. 

വിശദമായ റിപ്പോർട്ട് സിവിൽ സർവ്വീസ് കമ്മീഷന് ലഭ്യമാക്കാൻ മന്ത്രിസഭാ യോഗം എല്ലാ മന്ത്രാലയങ്ങൾക്കും താമസിയാതെ നിർദ്ദേശം നൽകും. സ്വകാര്യമേഖലയിലെ തൊഴിൽ സ്വദേശികൾക്കു കൂടുതൽ ആകർഷകമാക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങളും തയ്യാറാക്കുന്നുണ്ട്. ഭരണനിർവ്വഹണ വിഭാഗത്തിൽ എച്ച്‌.ആർ, പി‌‌‌‌‌‌‌‌.ആർ, റിസപ്‌ഷൻ തുടങ്ങിയ വിഭാഗങ്ങളിൽ സ്വദേശികൾക്കു കൂടുതൽ അവസരം ഉറപ്പാക്കാനാകുമെന്നാണ് അധികൃതർ കരുതുന്നത്.

You might also like

Most Viewed