അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയിൽ വീഴരുതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി : അനധികൃത റിക്രൂട്ടിംഗ് സംഘങ്ങളുടെ കെണിയിൽ വീഴരുതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആരോഗ്യവകുപ്പിൽ ഇന്റർവ്യൂ നടക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തലാണ് മുന്നറിയിപ്പുമായി മന്ത്രാലയം രംഗത്തെത്തിയത്. മന്ത്രാലയത്തിലേക്കുള്ള നിയമന അറിയിപ്പുകൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നും അല്ലാതെയുള്ളവ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിലേക്കുള്ള എല്ലാ നിയമനം അറിയിപ്പുകളും ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യപ്പെടുത്താറുണ്ടെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ കൈമാറിക്കിട്ടുന്ന സന്ദേശങ്ങൾ മുഖവിലക്കെടുക്കരുതെന്നും അധികൃതർ അറിയിച്ചു.
റിക്രൂട്ട്മെന്റ് മാഫിയകളാണ് വ്യാജസന്ദേശങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്നത്. പിൻവാതിൽ നിയമനം എന്നപേരിൽ പണം തട്ടാനാണ് റിക്രൂട്ട്മെന്റ് മാഫിയയയുടെ ശ്രമം. മന്ത്രാലയത്തിന്റെ വ്യാജ സീൽ പതിച്ചു ഇത്തരം സംഘങ്ങൾ നിയമന ഉത്തരവ് വരെ നൽകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി. നഴ്സിംഗ് നിയമനം ഉൾപ്പെടെ സംശയകരമായ സന്ദേശങ്ങളോ അറിയിപ്പുകളോ ശ്രദ്ധയിൽ പെട്ടാൽ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഇന്റർവ്യൂ നടക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം നിരവധി ഉദ്യോഗാർത്ഥികൾ മന്ത്രാലയ ആസ്ഥാനത്ത് എത്തിയിരുന്നു.
പ്രാദേശികമായി നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ രേഖകളുമായി മന്ത്രാലയ ആസ്ഥാനത്ത് നേരിട്ട് എത്തണമെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച സന്ദേശം. ഇന്റർവ്യൂ പ്രതീക്ഷിച്ച് നിരവധി പേർ എത്തിയതോടെ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സന്ദേശത്തെ കുറിച്ച് വിവരം ലഭിച്ചത്.