വ്യാജ സർട്ടിഫിക്കറ്റ് : കുവൈത്തിൽ വിദേശി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി : അറബ് രാജ്യത്തുനിന്നു സന്പാദിച്ച പലരുടെയും ഡിപ്ലോമ/ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റുമായി ബന്ധമുള്ള ഉദ്യോഗസ്ഥനെ പിടികൂടിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ അസ്മിയുടെ നിർദ്ദേശാനുസരണം വിശദമായ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായതെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
വ്യാജ സർട്ടിഫിക്കറ്റുകാരെ കണ്ടെത്താനുള്ള നടപടി ശക്തിപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് അംഗീകാരമുള്ള ഡിപ്ലോമ/ബിരുദത്തിന് തുല്യമാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് വ്യാജ ഡിപ്ലോമയോ ബിരുദമോ ഹാജരാക്കിയിട്ടുള്ളത്. അത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഹാജരാക്കിയ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും സാധുത റദ്ദാക്കാനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.