ദുരിതാശ്വാസ നിധിയിലേക്ക്‌ കല കുവൈറ്റ്‌‌ 20 ലക്ഷം രൂപ ‌ കൈമാറി


കുവൈറ്റ്‌‌ സിറ്റി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കല കുവൈറ്റിന്റെ രണ്ടാം ഗഡുവായ 20 ലക്ഷം രൂപ ‌ കൈമാറി. രണ്ട്‌ ഗഡുക്കളായ്‌ ഇത്‌ വരെ 30 ലക്ഷം രൂപയാണ് കല കുവൈറ്റ്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയത്‌. കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ കൈത്താങ്ങായ്‌ കല കുവൈറ്റ്‌ പ്രവർത്തകർ ഗൃഹസന്ദർശനമുൾപ്പടെ നടത്തി, പൊതു സമൂഹത്തിൽ നിന്നാണ് തുക കണ്ടെത്തിയത്‌‌. കല കുവൈറ്റ്‌ ഈ വർഷത്തെ ഓണാഘോഷം ഉൾപ്പടെ ഒഴിവാക്കിയാണ് ദുരിതാശ്വ്വസ ഫണ്ട്‌ പ്രവർത്തനം നടത്തുന്നത്‌.

ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കാലവർഷക്കെടുതി നേരിട്ട നാടിനെ പുനർനിർമ്മിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണത്തിന്,‌ അനുഭാവപൂർവ്വമായ സമീപനമാണ് കുവൈറ്റ്‌ പൊതുസമൂഹം‌ ‌ പുലർത്തുന്നത്‌. ശക്തമായ ഉരുൾപൊട്ടലിലും, വെള്ളപ്പൊക്കത്തിലും പതിനായിരക്കണക്കിന് കോടി രൂപയുടെ നാശമാണ് ഉണ്ടായിരിക്കുന്നത്‌. നിരവധി പേർക്ക്‌ ജീവഹാനി സംഭവിക്കുകയും, ആയിരക്കണക്കിന് വീടുകളും, കൃഷിയിടങ്ങളും നശിക്കുകയും ചെയ്തു.

എല്ലാ വകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനമാണ് സർക്കാർ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അസാധാരണമായ പ്രളയ സാഹചര്യത്തിൽ നിരാലംബർക്ക് താങ്ങാകുവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനും, ദുരിതത്തിൽപ്പെട്ട പ്രവാസി കുടുംബത്തിലുള്ളവർക്ക്‌ എന്തെങ്കിലും സഹായം ആവശ്യങ്ങളുണ്ടെങ്കിലും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കല കുവൈറ്റ്‌ പ്രസിഡന്റ്‌ ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ്‌ മാത്യു എന്നിവർ അറിയിച്ചു. 66675110, 60917707, 60685849, 50292779 (അബ്ബാസ്സിയ), 65092366 (ഫഹാഹഹീൽ), 69699689 (സാൽമിയ), 51358822 (അബു ഹലീഫ)

You might also like

Most Viewed