കുവൈത്തിൽ ഇഖാമ കച്ചവടം നടത്തിയ വ്യാജ കമ്പനികൾക്ക് പിഴ

കുവൈത്ത് സിറ്റി : ഇഖാമ കച്ചവടം നടത്തിയ കേസുകളിൽ വ്യാജ കന്പനികൾക്കെതിരെയുള്ള വിധികൾ കോടതികൾ പ്രഖ്യാപിച്ചതായി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഹിന്ദ് അൽ സുബൈഹ് വെളിപ്പെടുത്തി. ഈ കന്പനികൾക്ക് ആകെ 21.3 ലക്ഷം കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. ഈ തൊഴിലാളികളുടെ ഇഖാമകൾ റദ്ദാക്കുന്നതിന് കന്പനിയുടമകൾക്ക് മന്ത്രി കർശന നിർദേശം നൽകി. ഈ തൊഴിലാളികളെപിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തികസ്റ്റഡിയിലെടുത്ത് നാടു കടത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഏകോപനം നടത്തിയിട്ടുമുണ്ട്.
ഇഖാമ കച്ചവടവുമായി ബന്ധപ്പെട്ട 322 കേസുകൾ ഈ വർഷം ആദ്യ പകുതിയിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈ മാറിയിരുന്നു. അന്വേഷണം പൂർത്തിയാക്കി ഈ കേസുകളെല്ലാം പിന്നീട് കോടതിക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ വർഷം 561 കേസുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. ഇതിൽ 558 കേസുകൾ കോടതിക്ക് കൈമാറിയിരുന്നു. തൊഴിൽ നിയമങ്ങൾ എത്രമാത്രം നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനും തൊഴിലാളികൾ സ്പോൺസർ മാറി ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും സ്വകാര്യ കന്പനികളിലും സ്ഥാപനങ്ങളിലും ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്.
വൻതോതിൽ വിദേശ തൊഴിലാളികളെ അനാവശ്യമായി റിക്രൂട്ട് ചെയ്ത വ്യാജ കന്പനികളെ കണ്ടെത്തി നടപടികളെടുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ കഠിന ശ്രമം നടത്തിവരികയാണ്. ഇത്തരം കന്പനികളാണ് രാജ്യത്തെ ജനസംഖ്യാ ഘടനയിൽ വിള്ളലുണ്ടാക്കുന്നതിന് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു.