കുവൈത്തിൽ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പരിശോധിക്കാൻ പ്രത്യേക സംഘം


കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ ആശു­പത്രികളിലെ പ്രവർ‍ത്തനങ്ങൾ പരിശോധിക്കാൻ പ്രത്യേ­ക സംഘത്തെ നി­യോഗിച്ചു. ചില സ്വകാര്യ ആശു­പത്രികളുമായി ബന്ധപ്പെട്ട് പരാതികൾ ഉയർ‍ന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് ആരോഗ്യമന്ത്രാലയത്തിലെ ദേശീയ സേവന വിഭാഗം അസി.അണ്ടർ‍ സെക്രട്ടറി ഡോ. ഫാതിമ അൽ നജ്ജാർ‍ അറിയിച്ചു. ആശു­പത്രികളുടെ പെർ‍മിറ്റ് കാലാവധി, ജീവനക്കാ‍­‍ർക്കുള്ള ഹെൽത്ത് പെർ‍മിറ്റ് കാലാവധി തുടങ്ങിയ കാര്യങ്ങൾ സംഘം പരിശോധിക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ ഉണ്ടാകു­മെ­ന്നും അവർ‍ പറഞ്ഞു. സ്വകാര്യ മെ­ഡിക്കൽ സെന്ററുകളുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രാലയത്തെ അറിയിക്കണമെന്ന് ഡോ.ഫാതിമ സ്വദേശികളോടും വിദേശികളോടും അഭ്യർ‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം പെൺകുട്ടി മരിക്കാൻ ഇടയാക്കിയത് ചികിത്സാ പിഴവാണെന്ന പരാതിയെ തുടർ‍ന്ന് വിദേശ ഡോക്ടറെ അറസ്റ്റ് ചെയ്യാൻ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് ഉത്തരവിട്ടു. പതിമൂന്നുകാരിയുടെ മരണത്തെ തുടർ‍ന്ന് പിതാവ് പരാതി നൽകിയിരുന്നു. വിദേശി ഡോക്ടർ‍ രാജ്യം വിട്ടു­പോകാതിരിക്കാൻ നടപടി സ്വീകരിക്കണമെ­ന്നും മന്ത്രി നിർ‍ദേശിച്ചു. സ്പെഷലൈസ്ഡ് ആശു­പത്രിയിൽ അലർ‍ജി ചികിത്സയ്ക്ക് ചെന്ന കുട്ടി തെ­റ്റായ ഇൻജക്ഷൻ കാരണമാണ് മരിച്ചതെ­ന്നാണ് പിതാവിന്റെ പരാതി.

സുസ്ഥിര വികസനലക്ഷ്യവും ആഗോള ആരോഗ്യ നിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യാന്തര ആരോഗ്യനിയമങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉന്നതാധികാര സമിതി പുനഃസ്ഥാ­പിക്കാനും കുവൈത്ത് തീരുമാനിച്ചു. രാജ്യാന്തര ആരോഗ്യ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണു നടപടിയെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ‍ സെക്രട്ടറി മുസ്തഫ അൽ റിദ അറിയിച്ചു. സബാഹ് ആശു­പത്രിയിൽ ഭക്ഷ്യവിഷബാധയുണ്ടായെന്ന പ്രചാരണം ആരോഗ്യമന്ത്രാലയം നിഷേധിച്ചു. സബാഹ് ആശു­പത്രിയിൽ കിച്ചൻ പ്രവർ‍ത്തിക്കുന്നില്ലെന്നും ചെസ്റ്റ് ഹോസ്പിറ്റൽ കിച്ചനിൽ നിന്നാണു ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതെന്നും സബാഹ് ആശു­പത്രി ആക്ടിംഗ് ഡയറക്ടർ‍ ഡോ. മനാൽ അൽ മതാർ‍ അറിയിച്ചു. നിശ്ചിത ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേ­ഷമാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാറുള്ളത്. രാജ്യാന്തര പ്രോട്ടോകോൾ അനുസരിച്ചു പരിശോധനകൾ പൂർ‍ത്തിയാക്കിയശേ­ഷം മാ­ത്രമാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാറുള്ളതെ­ന്നും അവർ‍ പറഞ്ഞു.

You might also like

Most Viewed