വിദേശി ബാച്ചിലർ‍ക്കായി കുവൈത്തിൽ പ്രത്യേക സിറ്റികൾ നിർ‍മ്മിക്കുന്നു


കുവൈത്ത് സിറ്റി : കുവൈത്തിലെ കുടുംബ പാർപ്പിട മേഖലകളിൽ നിന്നും വിദേശി ബാച്ചിലർമാരെ ഒഴിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വിദേശികളായ ബാച്ചിലർമാർക്കായി ആറ് പ്രത്യേക പാർപ്പിട സിറ്റികൾ നിർമ്മിക്കുന്നതിന് സർക്കാർ തീരുമാനിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹി അറിയിച്ചു. പ്രോജെക്ടസ് അതോറിറ്റിയുമായുള്ള പാർട്ട്നർഷിപ്പിൽ സിറ്റികൾ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾക്കാണ് സർക്കാർ ആലോചിക്കുന്നത്.

കുടുംബമില്ലാതെ രാജ്യത്ത് വസിക്കുന്ന കുറഞ്ഞ വരുമാനക്കാരായ ബാച്ചിലർമാരെ എല്ലാവിധ സൗകര്യങ്ങളോടെ ആരോഗ്യം, സുരക്ഷ, വിനോദം, എന്നിവയൊരുക്കി പ്രത്യേക പാർപ്പിട കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനാണ് നീക്കം.

രാജ്യത്തെ ആറ് ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചു നടപ്പിലാക്കാനുദ്ദേശിക്കുന്ന സർക്കാർ പദ്ധതി സംബന്ധിച്ചു മുനിസിപ്പാലിറ്റി അംഗം അഹമ്മദ് ഹദിയൻ അൽ ഇനാസിയുടെ ചോദ്യങ്ങൾക്കു മറുപടി നല്കുകയായിരുന്നു മൻഫൂഹി.

നിലവിൽ സ്വകാര്യ പാർപ്പിട മേഖലകളിൽ വിദേശി ബാച്ചിലർമാരെ താമസിപ്പിക്കുന്നത് നിരവധി പരാതികൾക്ക് ഇടയാക്കുന്നതായും, സാമൂഹ്യ സുരക്ഷക്ക് വലിയ ഭീഷണി ഉയർത്തുന്നതായും പാർലമെന്റിൽ ഉൾപ്പെടെ വലിയ ചർച്ചക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സർക്കാർ വിദേശി ബാച്ചിലർ സിറ്റികൾ നിർമിക്കുന്നതിന് തീരുമാനിച്ചത്.

You might also like

Most Viewed