കുവൈത്തിൽ സ്വദേശി മേഖലയിലെ താമസത്തിന് വിവാഹരേഖ നിർബന്ധമാക്കി


 

ഇനി കുവൈത്തിൽ സ്വദേശി താമസ മേഖലയിൽ വിദേശി കുടുംബങ്ങൾക്ക് താമസിക്കാൻ വീട് വാ‍ടകയ്ക്ക് ലഭിക്കണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. സ്വദേശി മേഖലയിൽ നിന്ന് വിദേശി ബാച്‌ലർമാരെ ഒഴിവാക്കുന്ന നടപടിയുടെ ഭാഗമായാണ് തീരുമാനം. അതാത് എംബസികളിൽ നിന്നോ കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളിൽ നിന്നോ സാക്ഷ്യപ്പെടുത്തിയതായിരിക്കണം വിവാഹ സർട്ടിഫിക്കറ്റ്.

ഭാര്യയുടെ സിവിൽ ഐ.ഡിയുടെ കോപ്പിയും അതോടൊപ്പം സമർപ്പിക്കണം. വാടകയ്ക്ക് നൽകുന്ന കെട്ടിടത്തിന്റെ ‘പാസി’നന്പർ സഹിതം മേഖലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുകയും വേണം. സ്വദേശി താമസ മേഖലയിലെ വിലാസത്തിലുള്ള വിദേശി ബാച്‌ലർമാരുടെ താമസാനുമതി രേഖ പുതുക്കി നൽകരുതെന്ന് മുനിസിപ്പൽ അധികൃതർ നേരത്തെ താമസാനുമതികാര്യ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിയമം ലംഘിച്ച് സ്വദേശി താമസ മേഖലകളിലെ വിദേശി ബാച്‌ലർമാരെ കണ്ടെത്തുന്നതിനും പുറത്താക്കുന്നതിനും മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം രംഗത്തുണ്ട്.

പൊതുസ്ഥലം കയ്യേറുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ഫർവാനിയ ഗവർണറേറ്റിലെ മുനിസിപ്പൽ അധികൃതരുടെ മുന്നറിയിപ്പ്. ഖൈത്താൻ മേഖലയിൽ ചില കടകൾ സമീപസ്ഥലം വളച്ചുകെട്ടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അത്. ജലീബ് ഷുയൂഖിലും പൊതുസ്ഥലം കൈയേറിയത് അധികൃതർ പൊളിച്ചുനീക്കി. ജഹ്‌റയിൽ വഴിയോരക്കച്ചവടം നടത്തിയ 7 പേർക്കെതിരെ നടപടി സ്വീകരിച്ചു. പൊതുസ്ഥലം വളച്ചുകെട്ടിയ  5 പേർക്കും നോട്ടിസ് നൽകി. 

വഴിയോരക്കച്ചവടക്കാരിൽ നിന്ന് പഴവർഗങ്ങളും പടക്കങ്ങളും പിടികൂടി. കുവൈത്ത് സിറ്റി ഗവർണറേറ്റിൽ അനധികൃത പരസ്യത്തിന് രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. അൽ ഷാമി, അൽ സുറ എന്നിവിടങ്ങളിൽ നിയമവിധേയമല്ലാത്ത വിധം താമസിക്കുന്ന ബാച്‌ലർമാർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.

You might also like

Most Viewed