ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് കമ്പനികള്‍ക്കെതിരെ നടപടി

കുവൈത്ത് : ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് സുതാര്യവും നിയമപരവുമാക്കുന്നതിന് കര്‍ശന നടപടികളുമായി ആസൂത്രണ സാമ്പത്തിക കാര്യ മന്ത്രി മറിയം അല്‍ അഖീല്‍. ഇത് സംബന്ധിച്ച് മാന്‍പവര്‍ പബ്ലിക് അതോറിറ്റി സ്വീകരിക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും മന്ത്രിയുടെ പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു. ഗാര്‍ഹിക തൊഴിലുകളുമായി ബന്ധപ്പെട്ടു സ്പോണ്സര്മാരില് നിന്നും നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിടുന്നതിനും മാന്‍പവര്‍ അതോറിറ്റിയോട് മന്ത്രി ആവശ്യപ്പെട്ടു. മാന്‍പവര്‍ അതോറിറ്റി 33 പേരടങ്ങുന്ന പ്രത്യേക സംഘത്തിനു രൂപം നല്കി ഗാര്‍ഹിക തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ ഏപ്രില്‍ മാസം അതോറിറ്റിക്ക് കൈമാറിയതായും മന്ത്രി മറിയം അല്‍ അഖീല്‍ വ്യക്തമാക്കി.
അതേസമയം ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ്ങില്‍ സാധാരണയായി കണ്ടു വരുന്ന പാകപ്പിഴകള്‍ പരിഹരിക്കുന്നതിനും, വിസ കച്ചവടത്തിന്റെ ഭാഗമായി വ്യാജ പരസ്യങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയ്ക്കാണ് മന്ത്രിയുടെ നിര്‍ദേശം. 2019 ജൂണ്‍ മാസം അനധികൃതമായി പ്രവര്‍ത്തിക്കുന്ന 44 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. ഗാര്‍ഹിക തൊഴിലാളികളുടെ പരാതികള്‍ക്ക് പരിഹാരം കാണുകയും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പു വരുത്താനും മന്ത്രി ആവശ്യപ്പെട്ടു.