വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് പാര്‍ലമെന്റ് അംഗം


കുവൈത്ത് : വര്‍ധിച്ചു വരുന്ന അടിസ്ഥാന വര്‍ഗ തൊഴിലാളികളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവെക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പാര്‍ലമെന്റ് അംഗം സലേഹ് അശൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യത്തിനു ആവശ്യമില്ലാത്ത വിദേശ തൊഴിലാളികളെ കുത്തി നിറക്കുന്ന സാഹചര്യം തുടരുകയാണ്. ഈ സാഹചര്യത്തില്‍ അയോഗ്യരും തൊഴില്‍ പരിചയവുമില്ലാത്ത അടിസ്ഥാന വര്‍ഗ തൊഴിലാളികളെ പിരിച്ചു വിടണമെന്നും പൊതു സേവന മേഖലക്ക് വലിയ തലവേദന സൃഷ്ട്ടിക്കുന്നതാണ് പെരുകി വരുന്ന വിദേശ തൊഴിലാളികളെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ അനുസരിച്ചു പ്രതിവര്‍ഷം 60,000 അടിസ്ഥാന വര്‍ഗ തൊഴിലാളികളെയാണ് ഈജിപ്തില്‍ നിന്നു മാത്രം റിക്രൂട്ട് ചെയ്യുന്നത്. ഈ അവസ്ഥ അപകടകരമാണെന്നും എം പി ചൂണ്ടിക്കാട്ടുന്നു. 

പബ്ലിക് അതോറിറ്റി മാന്‍പവര്‍ വിഭാഗത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ അനുമതി പത്രം അനുവദിക്കുന്നതില്‍ വ്യാജ ഇടപാടിന് സഹായിക്കുന്നതായുള്ള പരാതി ബന്ധപ്പെട്ട വകുപ്പ് മന്ത്രി പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും എം പി മാര്‍ ആവശ്യപ്പെട്ടു. ഉടന്‍ പരിഹാരം കാണാത്ത പക്ഷം മന്ത്രിയെ പാര്‍ലമെന്റില്‍ ചോദ്യം ചെയ്യുമെന്ന മുന്നറിയിപ്പും എം.പിമാര്‍ നല്‍കി.

You might also like

Most Viewed