ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ള്‍ യോ​ഗ്യ​ത മ​ത്സ​രം: കു​വൈ​ത്ത്​ ബി ​ഗ്രൂ​പ്പി​ല്‍


കുവൈത്ത് : 2022ലെ ലോകകപ്പ് ഫുട്ബാള്‍ ചാന്പ്യന്‍ഷിപ്പിന്റെ ഏഷ്യന്‍ യോഗ്യത മത്സരത്തിെന്റെറ ആദ്യഘട്ടത്തില്‍ കുവൈത്ത് ബി ഗ്രൂപ്പില്‍ മത്സരിക്കും. ആസ്ട്രേലിയ, ജോര്‍ഡന്‍, ചൈനീസ് തായ്പേയ്, നേപ്പാള്‍ എന്നിവരാണ് കുവൈത്തിനെ കൂടാതെ ബി ഗ്രൂപ്പില്‍ ഉള്ളത്.എട്ടു ഗ്രൂപ്പുകളില്‍ അഞ്ചു ടീം വീതമാണ് ആദ്യഘട്ടത്തില്‍ മത്സരിക്കുക. എട്ടു ഗ്രൂപ് വിജയികളും നാല് മികച്ച രണ്ടാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് കടക്കും.

സെപ്റ്റംബര്‍ ആദ്യവാരം മുതലാണ് ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുക. എ ഗ്രൂപ്പില്‍ ചൈന, സിറിയ, ഫിലിപ്പീന്‍സ്, മാലദ്വീപ്, ഗുവാം എന്നിവയും സി ഗ്രൂപ്പില്‍ ഇറാന്‍, ഇറാഖ്, ബഹ്റൈന്‍, ഹോങ്കാങ്, കംബോഡിയ എന്നിവയും ഡി ഗ്രൂപ്പില്‍ സൗദി, ഉസ്ബകിസ്താന്‍, ഫലസ്തീന്‍, യമന്‍, സിംഗപ്പൂര്‍ എന്നിവയും ഇ ഗ്രൂപ്പില്‍ ഇന്ത്യ, ബംഗ്ലാദേശ്, ഒമാന്‍, അഫ്ഗാനിസ്താന്‍, ഖത്തര്‍ എന്നിവയും എഫ് ഗ്രൂപ്പില്‍ യു.എ.ഇ, വിയറ്റ്നാം, തായ്ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവയും എച്ച്‌ ഗ്രൂപ്പില്‍ ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ലബനാന്‍, തുര്‍കുമെനിസ്താന്‍, ശ്രീലങ്ക എന്നിവയുമാണുള്ളത്.

ലോകകപ്പ് യോഗ്യതക്കൊപ്പം അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ മത്സരങ്ങള്‍ പരിഗണിച്ചാണ് കണക്കാക്കുക. ഒരു വര്‍ഷത്തിനിടെ കുവൈത്ത് ഏറ്റുമുട്ടിയ മൂന്ന് ടീമുകളാണ് ബി ഗ്രൂപ്പിലുള്ളത്.
ആസ്ട്രേലിയക്കെതിരെ കഴിഞ്ഞ ഒക്ടോബറില്‍ കുവൈത്ത് സൗഹൃദ മത്സരത്തില്‍ നാല് ഗോളിന് തോറ്റപ്പോള്‍ മാര്‍ച്ചില്‍ നേപ്പാളിനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി. മാര്‍ച്ചില്‍ നടന്ന എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തില്‍ ജോര്‍ഡനെതിരെ കുവൈത്ത് 2 -1ന് പരാജയപ്പെട്ടു.

You might also like

Most Viewed