ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടക്കാന്‍ സാങ്കേതിക തടസമില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം


കുവൈത്ത് സിറ്റി :  വിദേശികളുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കുന്നതിന് സാങ്കേതിക തടസ്സം അനുഭവപ്പെടുന്നവര്‍ക്ക് സബാഹ് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കേന്ദ്രം വഴിയോ അല്ലെങ്കില്‍ മന്ത്രാലയത്തിലെ ഇന്‍ഫോര്‍മ്മേഷന്‍ വിഭാഗം മുഖേനെയോ ഫീസ് അടക്കുന്നതിനു സൗകര്യം ഏര്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.  കഴിഞ്ഞ ജൂലായ് 28 മുതലാണ്  താമസരേഖ പുതുക്കന്നതിനു മുന്നോടിയായി അടക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ ലൈന്‍ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത്. എന്നാല്‍ ചില വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അടക്കുന്നതിനു സാങ്കേതിക തടസ്സം നേരിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വിശദീകരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കൂടാതെ ഇക്കാരണത്താല്‍ താമസരേഖ പുതുക്കുന്നതിനു കാലതാമസം നേരിടുന്നവര്‍ക്ക് പിഴ ചുമത്തുന്നതല്ല എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 
 
പലസ്തീന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ 3 മാസത്തില്‍ കൂടുതല്‍ വിസാ കാലാവധിയുമായി താമസരേഖ പുതുക്കാനെത്തുന്നവര്‍, നവജാത ശിശുക്കള്‍, പാസ്‌പോര്‍ട്ട് പുതുക്കിയ ശേഷം ആദ്യമായി താമസരേഖ പുതുക്കുന്നവര്‍, 17 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേരില്‍ ഭേദഗതി വരുത്തിയവര്‍ മുതലായ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കായിരുന്നു ഓണ്‍ലൈന്‍ വഴി ഫീസ് അടക്കുന്നതിനു തടസ്സം നേരിടുന്നത്.

You might also like

  • KIMS Bahrain Medical Center

Most Viewed