കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ ഗേറ്റ് സംവിധാനം നടപ്പിലാക്കുന്നു


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള സേവനങ്ങള്‍ ആധുനികവത്കരിക്കുന്നു. അടുത്ത വര്‍ഷം ആരംഭത്തോടെ  ഇ-ഗേറ്റ് , ഇ-പാസ്പോര്‍ട്ട് റീഡര്‍ സംവിധാനം നിലവില്‍ വരും. സേവനങ്ങള്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് നീക്കം. വിമാനത്താവളത്തിലെ പാസ്‌പോര്‍ട്ട്  വിഭാഗത്തിലെ  ജീവനക്കാരുടെ സഹായമില്ലാതെ സുഗമമായി സ്വദേശികള്‍ക്ക് യാത്ര ചെയ്യാനും രാജ്യത്തേക്ക് മടങ്ങാനും സാധ്യമാക്കുന്നതാണു പുതിയ സംവിധാനം. 
 
ഈ സംവിധാനം നിലവില്‍ വരുന്നതോട് കൂടി ഇലക്ട്രോണിക്ക് പാസ്പോര്‍ട്ടുള്ള  സ്വദേശികള്‍ക്ക് എമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്പോര്‍ട്ടുകള്‍ പരിശോധിക്കുകയോ സ്റ്റാമ്പ് ചെയ്യുകയോ കൂടാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ വിഭാഗം അംഗീകാരം നല്‍കി. പ്രവേശന വിലക്ക്, യാത്രാ വിലക്ക്, കുറ്റകൃത്യങ്ങളില്‍പെട്ട  പിടികിട്ടാപ്പുള്ളികള്‍ മുതലായ നിയമപ്രശ്‌നങ്ങള്‍ നേരിടുന്നവരെ കണ്ടെത്താനും ഈ ഗേറ്റ് സംവിധാനം വഴി കഴിയുമെന്നതാണ് പ്രത്യേകത.  ഈ സംവിധാനം വഴി യാത്രക്കാര്‍ക്ക് 15 മിനുട്ടിനുള്ളില്‍  വിമാനതാവളത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

You might also like

Most Viewed