ഇഖാമ പുതുക്കാനുള്ള അപേക്ഷ നിരസിച്ചു; 4809 വിദേശി എഞ്ചിനീയർമാർ പ്രതിസന്ധിയിലേക്ക്


കുവൈത്ത് സിറ്റി:  നൈപുണ്യ പരിശോധനയിൽ പരാജയപ്പെട്ട 4809 വിദേശി എഞ്ചിനീയർമാരുടെ ഇഖാമ പുതുക്കാനുള്ള അപേക്ഷ മാൻ‌പവർ അതോറിറ്റി നിരാകരിച്ചു. 1591 പേരുടെ അപേക്ഷ അവലോകന സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനായി മാറ്റിവയ്ക്കുകയും ചെയ്തു. എഞ്ചിനീയർ ജോലിക്ക് കുവൈത്ത് അംഗീകരിച്ച സ്ഥാപനങ്ങളിൽനിന്ന് ബിരുദമെടുത്തവർ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
 ഇന്ത്യയിൽ നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) അംഗീകാരമുള്ള കോളേജുകളിൽ നിന്ന് അംഗീകാരമുള്ള ബിരുദമെടുത്തവരെയാണു കുവൈത്ത് അംഗീകരിക്കുക. തൊഴിൽ തേടിയെത്തുന്നവർ കുവൈത്ത് എഞ്ചിനീയഴ്സ് സൊസൈറ്റി നടത്തുന്ന നൈപുണ്യ പരിശോധന പാസാവുകയും വേണം. അത്തരത്തിൽ പരീക്ഷ പാസാകാത്തവരുടെ ഇഖാമയാ‍ണു മാൻ‌പവർ അതോറിറ്റി പുതുക്കി നൽകാത്തത്. ഇന്ത്യയിൽ നിന്ന് കുവൈത്തിൽ എത്തിയ എഞ്ചിനീയർമാരിൽ ഏറെയും എൻ‌ബി‌എ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുള്ളവർ അല്ല.
 എ‌ൻ‌ബി‌എ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ എണ്ണം കുറവാണ് എന്നതാണ് കാരണം. അതുകൊണ്ടുതന്നെ കുവൈത്തിൽ പ്രതിസന്ധിയിലായ വിദേശ എഞ്ചിനീയർമാരിൽ അധികവും ഇന്ത്യക്കാരുമാണ്. എഞ്ചിനീയർമാരുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും അധികൃതർ തമ്മിൽ പല തലത്തിലും ആശയവിനിമയം നടത്തുന്നുവെങ്കിലും പരിഹാരം ഇനിയും ആയിട്ടില്ല. എഞ്ചിനീയർമാരുടെ യോഗ്യതാ നിർണയത്തിന് സമാനമായി മറ്റു തസ്തികകളിലും അധികൃതർ യോഗ്യതാ പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്പെഷലൈസ്ഡ് സ്കൂൾ അദ്ധ്യാപകരുടെ യോഗ്യത നിർണയിക്കുന്നതിന് നടത്തിയ ടെസ്റ്റിൽ 753 പേർ പരാജയപ്പെട്ടു. 627 പേരാണ് പാസായത്.
വിവിധ മേഖലകളിൽ നിയമിക്കപ്പെടുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ  സാധുതാ പരിശോധനയും കർശനമാണിപ്പോൾ. പഠിച്ച സർവ്വകലാശാലകളിൽ നിന്നുള്ള സാക്ഷ്യപത്രം വഴിയാണ് യോഗ്യതയുടെ സാധുത തെളിയിക്കേണ്ടത്. എന്നാൽ കാലതാമസമെടുക്കുന്ന നടപടിയാണ് അതെന്നതിനാൽ പലരും പ്രതിസന്ധിയിലുമാണ്. ആരോഗ്യമേഖലയിൽ മൂവായിരത്തോളം ഡോക്ടർമാർ പ്രതിസന്ധിയിലായതായി ഡോക്ടർമാരുടേത് ഉൾപ്പെടെയുള്ള സംഘടനകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് തുല്യതാനിയമം റദ്ദാക്കണമെന്ന് താമിർ അൽ സുവൈത്ത് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആരോഗ്യമേഖല സ്തംഭിക്കാൻ ഇടയായേക്കുമെന്ന് അദ്ദേഹം പറഞ്ഞു

You might also like

Most Viewed