ഇന്ത്യയിലേക്ക് മടങ്ങാനുള്ളത് 75,869 ഹജ്ജ് തീർത്ഥാടകർ

ജിദ്ദ : കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ ഹജിനെത്തിയ 52,679 ഹാജിമാർ ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അവശേഷിക്കുന്ന 75,869 ഹാജിമാരിൽ 47,193 പേർ മക്കയിലും 28,676 ഹാജിമാർ മദീനയിലുമാണുള്ളത്. ദിവസേന 17 വിമാനങ്ങളിലായി 4000 ഹാജിമാരാണ് നാട്ടിലേക്ക് യാത്ര തിരിക്കുന്നത്. ഈമാസം 25ന് അകം ശേഷിച്ച മുഴുവൻ പേരെയും നാട്ടിലെത്തിക്കാനാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നേരിട്ട് മക്കയിലെത്തിയവരാണ് ഹജിനുശേഷം മദീനാ സന്ദർശനത്തിനായി തിരിച്ചത്.
നേരെ മദീനയിലെത്തിയവർ പ്രവാചക നഗരിയിലെ സന്ദർശ്ശനം പൂർത്തിയാക്കി, ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തുകയായിരുന്നു. ഇവരുടെ മടക്കയാത്ര ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയാണ് നടക്കുന്നത്. മദീനയിലുള്ളവർ അവിടെ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് തിരിക്കും. ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ച് 13 ദിവസം പിന്നിടുന്പോൾ 198 വിമാനങ്ങളിലായാണ് അര ലക്ഷത്തിലേറെ ഹാജിമാരെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചത്. ഈ വർഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി 1,28,702 പേരും സ്വകാര്യ ഹജ്ജ് ഏജൻസികൾ വഴി 46,323 തീർഥാടകരുമാണ് ഹജ്ജ് നിർവ്വഹിക്കാൻ എത്തിയത്. ഹജ്ജ് കമ്മിറ്റി വഴി എത്തിയ 114 പേരും സ്വകാര്യ ഏജൻസി മുഖേന വന്ന 28 പേരും പുണ്യനഗരിയിൽ മരിച്ചു. ഇവരുടെ സംസ്കാരം ഇവിടെതന്നെ നടന്നു. സ്വകാര്യ ഏജൻസി വഴി എത്തിയ മുഴുവൻ പേരും മടങ്ങിക്കഴിഞ്ഞു.
കേന്ദ്ര ഹജ്ജ് കമ്മിറ്റിവഴിയുള്ള 52,679 ഹാജിമാരടക്കം മൊത്തം 89,999 പേരാണ് ഇതിനകം മടങ്ങിയത്. മലയാളി ഹാജിമാർ12ന് കൊച്ചിയിലെത്തും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി എത്തിയ മലയാളി ഹാജിമാരുടെ ആദ്യസംഘം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ നെടുന്പാശേരി വിമാനത്താവളത്തിലെത്തും. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള ഹാജിമാരുടെയും മടക്കയാത്ര കൊച്ചിവഴിയായിരിക്കും. കേരളത്തിൽ നിന്ന് ഇത്തവണ 12013 പേരാണ് ഹജിന് പോയത്. പ്രളയം മൂലം പ്രതിസന്ധിയിലായ വിമാനത്താവള പ്രവർത്തനം വീണ്ടെടുത്തതോടെയാണ് മലയാളി ഹാജ്ജിമാരുടെ മടക്കയാത്ര കൊച്ചിയിലേക്ക് തന്നെയാക്കിയതെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. ഇവർക്കുള്ള സംസം ജലം ഇതിനകം കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്.