പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകൾക്ക് പ്രശംസ


മനാമ : നോബൽ സമാധാന പുരസ്ക്കാര ജേതാക്കളുടെ പ്രതിനിധി സംഘം ഷെയ്ഖ് ഹുസാം ബിൻ ഇസ അൽ ഖലീഫയുമൊത്ത് ഇന്നലെ നിരവധി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. മുഹറഖിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും പൈതൃകങ്ങളും സന്ദർശിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രതിനിധി വ്യക്തമാക്കി.

ഷെയ്ഖ് ഇബ്രാഹിം ബിൻ മൊഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾച്ചർ ആൻഡ് റിസേർച്ചസിൽ നടന്ന പ്രഭാഷണത്തിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെയും ബഹ്റൈനി സർക്കാറിന്റെയും നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ ഈസ്റ്റ് ടിമോർ മുൻ പ്രസിഡന്റ് ജോസ് റമോസ് ഹോർട്ട പ്രശംസിച്ചു. സഹിഷ്ണുത, സഹവർത്തിത്വം എന്നിവ രാജ്യത്തിൽ സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനത്തിനും പുരോഗതിക്കും അനിവാര്യമായ സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. സാമ്പത്തികവും മാനവ വികസനവും ഉൾപ്പെടെ വിവിധ മേഖലകളിൽ പല നേട്ടങ്ങളും സ്വായത്തമാക്കാൻ ഇത് സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറി ജനറലും ഐക്യരാഷ്ട്രസഭയുടെ ഹ്യൂമൻ സെറ്റിൽമെന്റ്സ് പ്രോഗ്രാമിന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ അന്ന ടിബജുക്ക, പ്രധാനമന്ത്രിയുടെ ഊഷ്മളമായ സ്വാഗതത്തിന് നന്ദി പറഞ്ഞു. സുസ്ഥിര വികസന മേഖലയിൽ തന്റെ പരിശ്രമങ്ങൾ ശ്രദ്ധിക്കപ്പെടുമെന്നും ടിബജുക്ക പറഞ്ഞു. ബഹ്റൈൻ ജനതയുടെ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ചരിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനത്തിനായി സംഘടനകളെയും വ്യക്തികളെയും പരിശീലിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ നയങ്ങൾ പ്രശംസാർഹമാണെന്നും വികസന പ്രോജക്ടുകൾക്ക് അദ്ദേഹം തന്റെ പേരിലുള്ള പുരസ്‌കാരം നൽകുന്നത് സുസ്ഥിര വികസന നിലവാരത്തെ ഉത്തേജിപ്പിക്കാനുള്ള തന്റെ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്നതായും അവർ പറഞ്ഞു. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ്, ഷെയ്ഖ മായ് ബിൻത് മുഹമ്മദ് അൽ ഖലീഫ പ്രതിനിധി സംഘത്തിന് ആശംസകൾ അർപ്പിച്ചു.

പ്രതിനിധി സംഘം ബഹ്റൈൻ നാഷണൽ മ്യൂസിയവും സന്ദർശിച്ചു. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് ഫ്രെഡറിക് വില്യം ഡി ക്ലെർക്ക്, പോളണ്ട് മുൻ പ്രസിഡന്റ്, റാമോസ് ഹോർട്ട, ടിബജുക എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ഷെയ്ഖ മായ് അവരെ സ്വീകരിച്ചു. ബഹ്റൈന്റെ ചരിത്രത്തിലുടനീളം അറിയപ്പെടുന്ന നാഗരികതകളെ ചിത്രീകരിക്കുന്ന വസ്തുക്കളുടെയും കലാപരമായ മോഡലുകളുടെയും ശേഖരം അടങ്ങിയതാണ് ഈ മ്യൂസിയം. ബഹ്റൈനെ മൊത്തത്തിൽ പ്രതിഫലിപ്പിക്കുന്ന മ്യൂസിയത്തിന്റെ നിർമ്മാണ രൂപകൽപ്പനയെയും ബഹ്റൈന്റെയും അതിന്റെ ജനതയുടെയും നാഗരികത ആഴത്തിൽ ഉൾക്കൊള്ളുന്ന മ്യൂസിയത്തിന്റെ ഉള്ളടക്കത്തെയും സംഘം പ്രശംസിച്ചു. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പുകഴ്ത്തിയ അവർ ലോകവ്യാപകമായി സമാധാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ബഹ്റൈൻ നൽകിയ സംഭാവനകളെയും പ്രകീർത്തിച്ചു.

You might also like

Most Viewed