സ്വവർഗരതിക്ക് നിയമ പരിരക്ഷ നൽകുന്ന വിധി ഖേദകരം

മനാമ : മനുഷ്യാവകാശത്തിന്റെയും സമത്വത്തിന്റെയും പേരിൽ സ്വവർഗരതി പോലുള്ള ലൈംഗിക വൈകൃതങ്ങൾക് നിയമ പരിരക്ഷ നൽകുന്നത് സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിലനിന്നു വരുന്ന നിർമ്മല സൗഹൃദങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും ശിഥിലീകരണത്തിനും ഇത് കാരണമാകുമെന്നും സലഫി സെന്റർ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം എന്ന പേരിൽ പ്രകൃതി വിരുദ്ധവും അതെ പോലെ പല മാരക ലൈംഗിക രോഗങ്ങൾക്കും കാരണമാകുമെന്ന് ശാസ്ത്രം തന്നെ കണ്ടെത്തിയതുമായ ഈ ഒരു പ്രവണതക്ക് നിയമ പരിരക്ഷ നൽകുന്പോൾ അതിനെതിരെ ശബ്ദിക്കാൻ മത വിശ്വാസികളും സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഇത്തരം അധാർമ്മിക പ്രവർത്തനങ്ങൾക്ക് പിന്തുണ ലഭിക്കുന്നത് വഴി തെറ്റായ കാര്യങ്ങളോടുള്ള സമൂഹത്തിന്റെ മാനസികമായ കാഴ്ചപ്പാടിൽ തന്നെ മാറ്റം ഉണ്ടാകുകയും പ്രത്യുത തിന്മകൾ വ്യാപിക്കാൻ അത് കാരണമാകുമെന്നുമുള്ള കാര്യം ഉത്തരവാദപ്പെട്ടവർ ഓർക്കണമെന്നും സലഫി സെന്റർ പ്രസ്താവനയിൽ പറഞ്ഞു. ഈ ലൈംഗിക വൈകൃതം വ്യാപിച്ച ഒരു സമൂഹത്തെ തന്നെ നശിപ്പിച്ച സംഭവം ഖുർആനിൽ ഉള്ള കാര്യം ഗൗരവത്തിൽ എടുക്കണമെന്നും സെന്റർ സമൂഹത്തോട് ആവശ്യപ്പെട്ടു. സലഫി സെന്റർ പ്രസിഡന്റ് അബ്ദുൽ മജീദ് കുറ്റ്യാടി അധ്യക്ഷത വഹിച്ചു.