സൗദിയിൽ 12 തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണത്തിന് തുടക്കമായി

റിയാദ് : സൗദിയുടെ സ്വദേശിവൽകരണ പദ്ധതിയായ നിതാഖാതിന്റെ മറ്റൊരു ഘട്ടത്തിനു കൂടി തുടക്കമാകുന്നു. മൂന്നു ഘട്ടമായി നടപ്പാക്കുന്ന 12 മേഖലകളിലെ സ്വദേശിവൽകരണ പദ്ധതിയുടെ ആദ്യഘട്ടമാണ് തുടങ്ങുന്നത്. കാർ/ബൈക്ക് ഷോപ്പ്, കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഓഫീസ് ഫർണിച്ചർ, ഗാർഹിക ഉപകരണ കടകൾ എന്നീ നാലു മേഖലകളിലെ മുപ്പതോളം ഇനങ്ങളിലെ സ്വദേശി വൽകരണം പ്രാബല്യത്തിലാകും. ഈ വിഭാഗങ്ങളിലെ സ്ഥാപനങ്ങളിൽ 70 ശതമാനം സ്വദേശികളായിരിക്കണമെന്നാണു നിബന്ധന. വസ്ത്രം, വാഹനം, ഫർണിച്ചർ എന്നിങ്ങനെ മുപ്പതോളം ഇനങ്ങളുടെ വിൽപനയും സേവനവും സ്വദേശിവൽകരിക്കുമ്പോൾ ചെറുകിട സ്ഥാപനങ്ങളിലെ കുറഞ്ഞ വരുമാനക്കാരായ നൂറുകണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടും. മലയാളികളടക്കം തൊഴിൽ രഹിതരാകുന്ന വിദേശികളുടെ മുന്നിൽ രണ്ടു വഴികളാണുള്ളത്. ഇവർക്ക് തിരിച്ചുപോകുകയോ അല്ലെങ്കിൽ ഇന്ന് മുതൽ ആരംഭിക്കുന്ന പ്രഫഷൻ മാറ്റത്തിലൂടെ അനുവദനീയമായ മറ്റു തസ്തികകളിലേക്ക് ജോലി മാറുകയോ ചെയ്യേണ്ടിവരും. നേരത്തെ 100% സ്വദേശിവൽകരണം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് 30 ശതമാനം ഇളവ് നൽകുകയായിരുന്നു.
നവംബർ പത്തിനു തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ ഇലക്ട്രോണിക്, ഇലക്ട്രിക് ഷോപ്പുകൾ, കണ്ണട, വാച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്ടിട നിർമാണ കടകൾ, സ്പെയർപാർട്സ്, മെഡിക്കൽ ഉപകരണങ്ങൾ, കാർപെറ്റ്, മിഠായി എന്നീ മേഖലകളിൽ ജനുവരി എട്ടിനും സ്വദേശിവൽകരണം നടപ്പാക്കും. ജനുവരിയോടെ 12 മേഖലകളിലും സ്വദേശിവൽക്കരണം പൂർത്തിയാക്കുമ്പോൾ ഒട്ടുമിക്ക തസ്തികകളിലും വിദേശികൾക്ക് ജോലി നഷ്ടമാകും. മെഡിക്കൽ, ഐ.ടി അടക്കം 11 മേഖലകൾകൂടി നിതാഖാതിനു കീഴിൽ കൊണ്ടുവരാൻ സ്വദേശിവൽകരണ സമിതിക്ക് പദ്ധതിയുണ്ട്. വിദഗ്ധ ജോലിക്കാരായ വിദേശികളും സമീപഭാവിയിൽ തിരിച്ചുപോകുകയോ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയോ വേണ്ടിവരുമെന്ന സൂചനയാണിത്. സൗദിയിൽ അവശേഷിക്കുന്നവരിൽ ഭൂരിഭാഗവും ഗാർഹിക മേഖലകളിലുള്ളവരാണ്. അതിൽ തന്നെ ഏറ്റവും കൂടുതൽ ഹൗസ് ഡ്രൈവർമാരും പാചക, പരിചാരകരുമാണ്. സ്വദേശിവൽകരണം, ലെവി തുടങ്ങി പുതിയ പരിഷ്കാരങ്ങളിൽ പിടിച്ചുനിൽക്കാനാവാതെ ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണ്. ഭീമമായ ശന്പളം നൽകി സ്വദേശികളെ വച്ച് ചെറുകിട സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകാനാകില്ലെന്നതാണ് ഇവരെ അലട്ടുന്ന പ്രശ്നം. ഇത്തരക്കാർ ആദായവിൽപനയിലൂടെ വിറ്റൊഴിവാക്കി കട പൂട്ടുകയായിരുന്നു. ഒട്ടേറെ സ്ഥാപനങ്ങൾ പൂട്ടുന്നതോടെ നൂറുകണക്കിന് ജീവനക്കാരുടെ ഭാവിയും ഇരുളിലാകുന്നു.
നേരത്തെ ജ്വല്ലറി, മൊബൈൽ, റെന്റ് എ കാർ, മാളുകൾ തുടങ്ങിയ മേഖലയിലെ സ്വദേശിവൽക്കരണത്തോടെ ഒട്ടേറെ മലയാളികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. നവംബർ, ജനുവരി മാസങ്ങളിലെ രണ്ടും മൂന്നും ഘട്ടംകൂടിയാകുമ്പോൾ അവശേഷിക്കുന്നവരുടെ ആശ്രയും ഇല്ലാതാകുകയും തിരിച്ചുപോക്ക് ഗണ്യമായി വർധിക്കുകയും ചെയ്യും. പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന് ഇത് കൂടുതൽ പ്രഹരമാകും. തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുക എന്നത് ഈ ഘട്ടത്തിൽ കേരളത്തെ സംബന്ധിച്ചും കീറാമുട്ടിയാകും. എങ്കിലും വിവിധ മേഖലകളിൽ വൈദഗ്ധ്യത്തോടെ തിരിച്ചെത്തുന്ന പ്രവാസികളെ സംസ്ഥാനത്തിന്റെ പുനർനിർമാണ പ്രക്രിയകളിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് നാടിനും മറുനാടാൻ മലയാളികൾക്കും ഒരുപോലെ ഗുണം ചെയ്യും.
ഇവരിൽ 75 ശതമാനത്തിലേറെ പേർ ചെറുകിട സ്ഥാപനങ്ങളിലും വീടുകളിലുമാണ് ജോലി ചെയ്തുവരുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലകളിൽ 70 ശതമാനം പേർക്കും ജോലി നഷ്ടപ്പെടുമെന്നിരിക്കെ ഇത് ഏറ്റവും കൂടുതൽ ബാധിക്കുക മലയാളികളെയായിരിക്കും. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വ്യക്തമായ പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ രാജ്യത്തിന് വിദേശനാണ്യം നേടിക്കൊടുത്തിരുന്ന, കേരളത്തിന്റെ നട്ടെല്ലായിരുന്ന പ്രവാസികളുടെ ഭാവി അനിശ്ചിതത്വത്തിലാവും മെഡിക്കൽ, എൻജിനീയറിംഗ്, ലോ, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലേക്ക് നാളെ മുതൽ പ്രൊഫഷൻ മാറാം. ശക്തമായ നിതാഖാതിനിടയിലും ഈ രംഗത്ത് യോഗ്യതയും പരിചയവുമുള്ളവർക്ക് ജോലി മാറ്റത്തിലൂടെ താൽക്കാലികമായി പിടിച്ചുനിൽക്കാം. പ്രൊഫഷൻ മാറ്റം ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികൾ അപേക്ഷ ബന്ധപ്പെട്ട സ്പോൺസറോ കന്പനിയോ മുഖേന സമർപ്പിക്കണം. തൊഴിലുടമയുടെ മുഖീം (പോർട്ടലിന്റെ പേർ) വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. അപേക്ഷ സ്വീകരിച്ചശേഷം തൊഴിൽ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. വിപണിയിലെ ആവശ്യം പരിഗണിച്ചു മാത്രമേ ആഭ്യന്തര മന്ത്രാലയം പ്രഫഷൻ മാറ്റത്തിന് അന്തിമ അംഗീകാരം നൽകൂ.
വരും മാസങ്ങളിൽ കൂടുതൽ മേഖലയിലേക്ക് സ്വദേശിവൽക്കരണം കടന്നുവരുന്നതോടെ കച്ചവട കേന്ദ്രങ്ങളിൽ കൂടുതൽ സ്വദേശികളെ നിയമിക്കേണ്ടതായി വരും. ഇതുമൂലം സ്പോണ്സർമാർ തങ്ങളുടെ നിലവിലെ വിദേശ തൊഴിലാളികളെ പകുതിയായെങ്കിലും കുറക്കാൻ നിർബന്ധിതരാവും. ഇത് മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദേശികളുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാവും. 29 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളതെന്നാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക കണക്ക്. ഇതിൽ പത്തു ലക്ഷത്തിലേറെ പേർ മലയാളികളാണ്.