ഇന്ത്യക്ക് തോൽവി


സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 34 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഓസീസ് ഉയർത്തിയ 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ ഒന്പതു വിക്കറ്റിന് 254 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ പരന്പരയിൽ ഓസീസ് മുന്നിലെത്തി.

സെഞ്ച്വറി നേടി രേഹിത് ശർമ്മ ഒറ്റയാൾ പോരാട്ടം നയിച്ചെങ്കിലും വിജയതീരത്തണയാൻ ഇന്ത്യക്കായില്ല. 129 പന്തിൽ 133 റൺസെടുത്ത രോഹിത് ഏഴാമനായി പുറത്താകുകയായിരുന്നു. നാല് റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത് ശർമ്മയും എം.എസ് ധോണിയും ചേർന്ന 137 റൺസ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാൽ ധോണിയെ പുറത്താക്കി ബെഹ്റൻഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ മങ്ങി. 96 പന്തിൽ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്സറും സഹിതം ധോണി 51 റൺസെടുത്തു. ദിനേഷ് കാർത്തിക്ക് (12), ജഡേജ (8) എന്നിവർ പെട്ടെന്ന് പുറത്തായി. ശിഖർ ധവാൻ, ക്യാപ്റ്റൻ വിരാട് കോഹ്്ലി, അന്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു. ഭുവനേശ്വർ കുമാർ 29 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 288 റൺസെടുത്തത്. ഉസ്മാൻ ഖ്വാജ (59), ഷോൺ മാർഷ് (54), പീറ്റർ ഹാൻഡ്സ്കോന്പ്(73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് കരുത്തായത്. ജനുവരി 14ന് അഡ്ലൈഡിലാണ് അടുത്ത മത്സരം.

You might also like

Most Viewed