ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ പിറന്ന മലയാളി കുഞ്ഞിന് ആജീവനാന്ത സൗജന്യയാത്ര


മുംബൈ : സൗദി അറേബ്യയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പിറന്ന മലയാളി കുഞ്ഞിന് ആജീവനാന്ത സൗജന്യയാത്ര അനുവദിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ വച്ച് പിറക്കുന്ന കുട്ടിക്ക് അതാത് എയര്‍ലൈനുകള്‍ സൗജന്യയാത്ര അനുവദിക്കുന്ന പതിവ് നേരത്തെ മുതലുണ്ട്.

ഞായറാഴ്ചയാണ് സൗദി അറേബ്യയിലെ ദമാമില്‍ നിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍ലൈന്‍സില്‍ മലയാളിയായ മിനി വില്‍സണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോഴാണ് മിനിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് കൊച്ചിയിലേക്കുള്ള വിമാനം മുംബൈയിലേക്ക് തിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈയിലേക്ക് പറക്കുന്നതിനിടെതന്നെ മിനി കുഞ്ഞിന് ജന്മം നല്‍കി. വിമാനത്തിലെ വനിതാ ജീവനക്കാരും വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരു നഴ്‌സും പ്രസവശുശ്രൂഷ ക്ക് നേതൃത്വം നൽകി.

മുംബൈയില്‍ ലാന്റ് ചെയ്ത വിമാനം മിനിയെയും കുഞ്ഞിനെയും അവിടെ ഇറക്കി ആശുപത്രിയിലേക്ക് മാറ്റിയശേഷം കൊച്ചിയിലേക്ക് പുറപ്പെടുകയായിരുന്നു. നിശ്ചയിച്ചിരുന്നതിന് 90 മിനിറ്റ് വൈകി ഉച്ചക്ക് 12.45 ന് വിമാനം കൊച്ചിയില്‍ ഇറങ്ങുകയും ചെയ്തു.

മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കുഞ്ഞിന് തങ്ങളുടെ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളില്‍ ആജീവനാന്ത സൗജന്യയാത്ര ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ പ്രഖ്യാപിച്ചത്. ആദ്യമായാണ് ജെറ്റ് എയര്‍വേയ്‌സില്‍ ഒരു യാത്രക്കാരി കുഞ്ഞിന് ജന്മം നല്കിയ സംഭവമുണ്ടായത്.

You might also like

Most Viewed