എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണർ രാം നാഥ് കോവിന്ദ്


ന്യൂഡൽഹി : എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിഹാര്‍ ഗവര്‍ണർ രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ചു. ഡൽഹിയില്‍ ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. രാംനാഥ് കോവിന്ദ് ഈ മാസം 23 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

71 കാരനായ രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. 2015 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം ബിഹാര്‍ ഗവര്‍ണറായി ചുമതലയേറ്റത്. ഇതുവരെ പരിഗണനാ പട്ടികയില്‍ പോലും ഉണ്ടായിരുന്ന പേരായിരുന്നില്ല രാംനാഥിന്റേത്. ദലിത് മോര്‍ച്ചയുടെ മുന്‍ അധ്യക്ഷനായ രാംനാഥ് 1994 മുതല്‍ 2006 വരെ രാജ്യസഭാംഗമായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

ദലിത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക വഴി പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. രണ്ട് മണിക്കൂര്‍ നീണ്ട പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സ്ഥാനാര്‍ത്ഥിയ സംബന്ധിച്ച് സമവായത്തിലെത്താന്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് മൂന്നംഗം സമിതിയെ നിയോഗിച്ചിരുന്നു. സോണിയ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവരുമായാണ് സമിതി അംഗങ്ങൾ ചര്‍ച്ച നടത്തിയത്. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലൈ 24 ന് അവസാനിക്കും. ജൂലൈ 17 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. 20ന് ഫലം പ്രഖ്യാപിക്കും.

മുന്‍പ് ഉയര്‍ന്ന് കേട്ടിരുന്ന ദ്രൗപതി മുര്‍മു, സുഷമ സ്വരാജ്, രാം നായിക്, സുമിത്ര മഹാജന്‍ എന്നവരെ പിന്തള്ളിയാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായത്. സഖ്യകക്ഷിയായ ശിവസേനയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതിനാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ നിലപാട് ഇനി നിര്‍ണായകമാണ്. പശ്ചിമബംഗാള്‍ മുന്‍ഗവര്‍ണറും മഹാത്മാ ഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരാണ് പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ ഈ മാസം 21 ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.

You might also like

Most Viewed