രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ തേടി പ്രധാനമന്ത്രി


ന്യൂഡൽഹി : രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലുങ്കാന രാഷ്ട്രസമിതി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ രാംനാഥിന് പിന്തുണ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുമായി ടെലഫോണിലാണ് മോദി ചര്‍ച്ച നടത്തിയത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്ന് സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗും വ്യക്തമാക്കി. നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തമിഴ്‌നാട് മുഖ്യമന്ത്രി പളിനിസാമി എന്നിവരുമായി മോദി ടെലഫോണില്‍ ചര്‍ച്ച നടത്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് തെലുങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് രംഗത്തെത്തി. തൊട്ടുപിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസും രാംനാഥിന് പിന്തുണ പ്രഖ്യാപിച്ചു.

രാംനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് അമിത് ഷാ ഉദ്ധവ് താക്കറയെ അറിയിച്ചിട്ടുണ്ടെന്നും പിന്തുണ സംബന്ധിച്ച തീരുമാനം ഏതാനും ദിവസങ്ങള്‍ക്കകം കൈക്കൊള്ളുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

You might also like

Most Viewed