മരിച്ചെന്ന് ഡോക്ടര്‍മാര്‍ : സംസ്‌കാര ചടങ്ങിന് തൊട്ടുമുന്‍പ് കുഞ്ഞ് ജീവിതത്തിലേക്ക്


ന്യൂഡൽഹി : പൂര്‍ണവളര്‍ച്ചെയെത്താതെ പിറന്ന കുഞ്ഞ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ വിധിയെഴുതി. എന്നാല്‍ ശവസംസ്‌കാര ചടങ്ങിന് തൊട്ടുമുന്‍പ് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തി. കുഞ്ഞിനെ ഉടന്‍ തന്നെ ഡൽഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡൽഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ബദര്‍പൂര്‍ സ്വദേശിനിയായ യുവതി വെറും 22 ആഴ്ചമാത്രം വളര്‍ച്ചെയത്തിയ കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. ഭാരം 460 ഗ്രാം മാത്രം. ഇത്തരത്തിലുള്ള കുഞ്ഞുങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ യാതൊരു സാധ്യതയുമില്ല. ജനിച്ച സമയത്ത് കുഞ്ഞിന് അനങ്ങുകയോ കരയുകയോ ചെയ്തിരുന്നില്ല. ശ്വസനവും നടത്തിയിരുന്നില്ല. ഇതാണ് കുട്ടി മരിച്ചെന്ന് വിധിയെഴുതാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്.

മരിച്ചെന്നു പറഞ്ഞ് കുട്ടിയെ ആശുപത്രിയിലെ നേഴ്‌സ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു നല്‍കുകയായിരുന്നെന്നു കുട്ടിയുടെ പിതാവ് രോഹിത് പറഞ്ഞു. പിന്നിട് സംസ്‌കാര ചടങ്ങിന് തൊട്ടുമുന്‍പ് രോഹിത്തിന്റെ സഹോദരിയാണ് കുട്ടിയെ കിടത്തിയിരുന്ന പ്ലാസ്റ്റിക് കവറിന് അനക്കമുള്ളതായി പറഞ്ഞത്. തുടര്‍ന്ന് പ്ലാസ്റ്റിക് കവര്‍ തുറന്നു നോക്കിയപ്പോളാണ് കുട്ടിക്ക് ജീവന്‍ ഉണ്ടെന്ന് മനസ്സിലായത്.

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കാള്‍ പൊലീസിനെ സമീപിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സഫ്ദര്‍ജങ് ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ എ.കെ റായ് പ്രതികരിച്ചു.

You might also like

Most Viewed