ഇന്ത്യ വാങ്ങിയ എം–777 എ–2 പീരങ്കികൾ രാജസ്ഥാനിലെ പൊഖ്റാനിൽ പരീക്ഷിച്ചു


പൊഖ്റാൻ : സിക്കിം, കശ്മീർ അതിർത്തികളിൽ സംഘർഷം നിലനിൽക്കുന്നതിനിടെ യുഎസിൽ നിന്നു ലഭിച്ച രണ്ട് ലഘുപീരങ്കികൾ രാജസ്ഥാനിലെ പൊഖ്റാനിൽ വച്ച് ഇന്ത്യ പരീക്ഷിച്ചു. എം–777 എ–2 എന്ന, ഭാരം കുറഞ്ഞതും ദീർഘദൂര ശേഷിയുള്ളതുമായ പീരങ്കികളാണ് പരീക്ഷിച്ചത്. യുഎസിൽനിന്നും എത്തിച്ച പീരങ്കിയുടെ വേഗം, ദൈർഘ്യം, ശക്തി, മറ്റുവിവരങ്ങൾ എന്നിവയാണ് പരിശോധിച്ചതെന്ന് സൈനിക വക്താവ് അറിയിച്ചു. ചൈനീസ് അതിർത്തിയിൽ പ്രത്യേകിച്ചും അരുണാചൽ പ്രദേശിലും ലഡാക്കിലുമാണ് ഈ പീരങ്കികൾ വിന്യസിക്കുക.

പരീക്ഷണങ്ങൾ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുമെന്ന് സൈനിക വക്താവ് അറിയിച്ചു. നിലവിൽ പരീക്ഷണങ്ങൾ വിജയകരമായാണ് മുന്നോട്ടുപോകുന്നത്. അധികം വൈകാതെ ഇന്ത്യൻ കരസേനയുടെ യുദ്ധമുഖത്തേക്ക് ഇവയെത്തുമെന്നും സൈനിക വക്താവ് പറഞ്ഞു. സിക്കിമിൽ ചൈനീസ് അതിർത്തിയിലും ജമ്മു കശ്മീരിൽ പാക്കിസ്ഥാൻ അതിർത്തിയിലും പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരീക്ഷണങ്ങളുടെ വാർത്ത ഇന്ത്യൻ സൈന്യം പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.

മൂന്നുദശകത്തെ കാത്തിരിപ്പിനു ശേഷമാണ് കരസേനയ്ക്കു കരുത്തു പകർന്ന് യുഎസ് നിർമിത ആധുനിക പീരങ്കികൾ എത്തിയത്. ഭാരക്കുറവാണ് എം 777 പീരങ്കികളുടെ പ്രത്യേകത. സാധാരണ പീരങ്കികൾ റോഡ് മാർഗം കൊണ്ടു പോകുമ്പോൾ ഇവ ഹെലികോപ്റ്ററിൽ കൊണ്ടുപോകാൻ കഴിയും. 30 കിലോമീറ്ററാണു പീരങ്കികളുടെ ദൂരപരിധി. 145 പീരങ്കികൾ വാങ്ങുന്നതിൽ 25 എണ്ണം അമേരിക്കയിൽ നിർമിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 120 എണ്ണം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽത്തന്നെ നിർമിക്കും.

You might also like

Most Viewed