മംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം സിഗ്നൽ ലൈറ്റിൽ ഇടിച്ചു


മംഗളൂരു : മംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം സിഗ്നൽ ലൈറ്റിൽ ഇടിച്ചു. ദുബായിൽനിന്നു 186 യാത്രക്കാരുമായി എത്തിയ എയർഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 നമ്പർ ബോയിങ് 737 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനം ഇടിച്ച് റൺവേയിലെ ഏതാനും ഗൈഡിങ് ലൈറ്റുകൾ തകർന്നു. യാത്രക്കാർക്കു പരുക്കോ വിമാനത്തിനു തകരാറോ ഇല്ല.

റൺവേയുടെ അരികിലെ ഗൈഡിങ് ലൈറ്റുകളിൽ ഇടിച്ചതിനു തൊട്ടുപിന്നാലെ വിമാനം റൺവേയുടെ മധ്യത്തിലേക്കു തിരികെ കൊണ്ടു വരാൻ കഴിഞ്ഞതാണ് ദുരന്തം ഒഴിവാക്കിയത്. ലാൻഡിങ്ങിനിടെ തെന്നിമാറിയാണ് അപകടമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഫ്ലൈറ്റ് സേഫ്റ്റി വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെന്നിമാറിയതായി സൂചനയില്ല.

മംഗളൂരുവിൽ ശനിയാഴ്ച കനത്ത മഴയും മൂടലുമായിരുന്നു. വിമാനം ലാൻഡ് ചെയ്ത് റൺവേ തൊടുന്നതിനു തൊട്ടുമുമ്പ് മൂടൽ പടർന്ന് കാഴ്ചപരിധിയെ ബാധിച്ചതാണ് സംഭവത്തിനു വഴിയൊരുക്കിയതെന്നാണു സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed