ശശികലയ്ക്കു പ്രത്യേക സൗകര്യങ്ങൾ : റിപ്പോർട്ട് നൽകിയ ജയിൽ ഡിഐജിയെ സ്ഥലംമാറ്റി


ബെംഗളൂരു : അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കു ജയിലിൽ പ്രത്യേക സൗകര്യങ്ങൾ അനുവദിച്ചതായി ആരോപിച്ചു റിപ്പോർട്ട് നൽകിയ ജയിൽ ഡിഐജി ഡി. രൂപയെ സ്ഥലംമാറ്റി. ട്രാഫിക് വിഭാഗത്തിലേക്കാണു രൂപയെ സ്ഥലംമാറ്റിയിരിക്കുന്നത്. സർക്കാരിനു നൽകിയ റിപ്പോർട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയ്ക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം.

ജയിൽ ഡിജിപി എച്ച്.എൻ. സത്യനാരായണറാവുവിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. റാവു ഈ മാസം അവസാനം വിരമിക്കാനിരിക്കെ ഇദ്ദേഹത്തിനു പ്രത്യേക ചുമതലയൊന്നും നൽകിയിട്ടില്ല. പരപ്പന അഗ്രഹാര ജയിലിൽ ശശികലയ്ക്കു പ്രത്യേക മുറി നൽകിയിരിക്കുന്നതും അവർ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ സന്ദർശകരോടു സംസാരിക്കുന്നതിന്റെയും തെളിവുകൾ വിഡിയോ ആയി രൂപ എടുത്തിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി വാർത്ത വന്നിരുന്നു.

പ്രത്യേക പരിഗണനയ്ക്കായി ശശികല ജയിൽ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് കൈക്കൂലി നൽകിയതായും രൂപ ആരോപിച്ചിരുന്നു. ദൃശ്യങ്ങൾ മനപ്പൂർവം മായ്ച്ചുകളഞ്ഞതാണെന്നും അവർ പിന്നീടു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

You might also like

Most Viewed