ശരത് യാ­ദവി­നെ­ ജെ­.ഡി­.യു­ രാ­ജ്യസഭാ­ കക്ഷി­നേ­താവ് സ്ഥാ­നത്തു­നി­ന്നു­ നീ­ക്കി­


ന്യൂഡൽ‍ഹി : ബിഹാറിൽ‍ ബി.ജെ.പിയെ കൂട്ടുപിടിച്ചുള്ള നിതീഷ് കുമാറിന്റെ രാഷ്ട്രീയ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച ജെ.ഡി.യു മുതിർ‍ന്ന നേതാവ് ശരദ് യാദവിനെതിരെ പാർ‍ട്ടി നടപടി. ജെ.ഡി.യു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് ശരത് യാദവിനെ നീക്കി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിശ്വസ്തൻ രാമചന്ദ്ര പ്രസാദ് സിംഗിനെ പുതിയ രാജ്യസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാലാണ് ശരദ് യാദവിനെ നീക്കിയതെന്നു ബിഹാർ പാർട്ടി അധ്യക്ഷൻ ബശിസ്ഥ നരേൻ സിംഗ് അറിയിച്ചു.

ബിഹാറിൽ‍ മഹാസഖ്യം വിട്ട് ബി.ജെ.പിയുമായി കൂട്ടുചേർ‍ന്ന നിതീഷിനെതിരെ ശരത് യാദവ് നേരത്തെ രംഗത്ത് വന്നിരുന്നു. നിതീഷിന്റെ തീരുമാനത്തിൽ‍ തനിക്കുള്ള അതൃപ്തി അദ്ദേഹം തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. താൻ ഇപ്പോഴും വിശാല സഖ്യത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ അടുത്തിടെ നടന്ന ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ‍ പാർ‍ട്ടി വിപ്പ് ലംഘിച്ച് കോൺ‍ഗ്രസ് സ്ഥാനാർ‍ത്ഥിക്ക് വോട്ട് ചെയ്ത ഛോട്ടുഭായ് വാസവയെ പിന്തുണച്ച് ശരത് യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. ജനതാദൾ‍ യുണൈറ്റിഡിന്റെ പിളർ‍പ്പിന്റെ സൂചന നൽ‍കി ശരദ് യാദവ് ബിഹാർ‍ പര്യടനം നടത്തിയിരുന്നു. നിതീഷ് കുമാറിന്റെ വഞ്ചനാപരമായ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞാണ് ശരദ് യാദവ് തന്റെ ബഹുജന്‍ ചൗപാൽ‍ യാത്രയ്ക്ക് തുടക്കമിട്ടതും. ഇതാണ് അടിയന്തര നടപടിക്ക് കാരണം. പാർ‍ട്ടിയിൽ‍ ഒരു എംഎൽ‍എയുടെ പിന്തുണപോലും അദ്ദേഹത്തിനില്ലെന്നാണ് സൂചന.

അതേസമയം രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കിയ നടപടിക്കെതിരെ ശരത് യാദവ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ കണ്ട് കത്ത് സമർപ്പിച്ചു.

You might also like

Most Viewed