കുട്ടികൾ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് യുപി മുഖ്യമന്ത്രി


ഗോരഖ്പുർ :ബാബ രാഘവ്‌ദാസ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ നവജാതശിശുക്കൾ ഉൾപ്പെടെ 70 കുട്ടികൾ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രാഥമിക റിപ്പോർട്ട് തയാറായെന്നും വിശദമായ റിപ്പോർട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. കുട്ടികളുടെ മരണത്തിൽ പ്രധാനമന്ത്രിയ്ക്ക് ‘ആശങ്ക’യുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്ക്കൊപ്പം ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

നിലവിലെ സാഹചര്യം നേരിടാൻ കേന്ദ്രസർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്. ഡൽഹിയിൽ നിന്നും ഡോക്ടർമാർമാരുടെ സംഘം എത്തിയിട്ടുണ്ട്. 1996–97 കാലം മുതൽ മസ്തിഷ്ക ജ്വരമെന്ന രോഗത്തിനെതിരായ പോരാട്ടത്തിലാണ് ഗോർഖ്പുർ. 90 ലക്ഷത്തിലധികം കുട്ടികൾ ഈ രോഗത്തിന്റെ പിടിയിലാണ്. ബിആർഡി ആശുപത്രിയിലേക്ക് ഇത് തന്റെ നാലാമത്തെ സന്ദർശനമാണ്. സംഭവത്തിൽ വിവാദമുണ്ടാക്കുന്നത് മനുഷ്യത്വമില്ലാത്തവരാണ്. പുറത്തുനിന്ന് റിപ്പോർട്ട് ചെയ്യാതെ മാധ്യമങ്ങൾ ആശുപത്രിക്ക് അകത്ത് വന്ന് കാര്യങ്ങൾ മനസിലാക്കണം. മാധ്യമപ്രവർത്തകർക്ക് ആശുപത്രി വാർഡുകളിൽ കടക്കാമെന്നും ആദിത്യനാഥ് വ്യക്തമാക്കി.

ഇന്ന് ഉച്ചയോടെയാണ് ഇരുവരും ആശുപത്രിയിൽ എത്തിയത്. മന്ത്രിമാരുടെ സന്ദർശനത്തോടനുബന്ധിച്ച് സ്ഥലപരിമിതി മൂലം വാർഡുകള്‍ക്ക് പുറത്തും വരാന്തയിലും കിടത്തിയിരുന്ന രോഗികളെയും ബന്ധുക്കളെയും അവിടെനിന്ന് നീക്കി. വിവാദ സംഭവം പുറത്താകുന്നതിനു മുൻപും ആദിത്യനാഥ് ഇവിടം സന്ദർശിച്ചിരുന്നു.

You might also like

Most Viewed