കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു


ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മഹാരാഷ്ട്ര സ്വദേശി ഗവായ് സുമേദ് വമൻ, തമിഴ്നാട് സ്വദേശി പി. ഇളയരാജ എന്നീ സൈനികരാണ് വീരമൃത്യുവരിച്ചത്. ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു സൈനികർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിൽ മൂന്നു ഭീകരെ സൈന്യം വധിച്ചതായി സൈനിക വക്താവ് അറിയിച്ചു.

സെയിൻപോര മേഖലയിലെ അവനീര ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ആണ് രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായത്. പരുക്കേറ്റ അഞ്ചു പേരെയും സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് രണ്ടു സൈനികരും മരിച്ചത്. മേഖലയിൽ സൈനിക നടപടി തുടരുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

You might also like

Most Viewed