സിനിമ വ്യവസായത്തിന് തുരങ്കം വെച്ചിരുന്ന തമിഴ് റോക്കേഴ്സ് അഡ്മിൻ പിടിയിൽ


ചെന്നൈ : പുത്തൻ തമിഴ് സിനിമകൾ വെബ്സൈറ്റിൽ അനധികൃതമായി റിലീസ് ചെയ്തിരുന്ന സംഘത്തിന്റെ തലവൻ പിടിയിൽ. തിരുപ്പത്തൂർ സ്വദേശി ഗൗരി ശങ്കറിനെ ചെന്നൈയിൽനിന്ന് അറസ്റ്റു ചെയ്തെന്നാണു റിപ്പോർട്ട്. തമിഴ് റോക്കേഴ്സ് അഡ്മിൻ എന്ന പേരിൽ വിവിധ വെബ്‌സൈറ്റുകളിൽ സിനിമ അപ്‌ലോഡ് ചെയ്തിരുന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു. ഗൗരി ശങ്കർ തമിഴ്ഗൺ.കോമിന്റെ മുഖ്യ അഡ്മിനും തമിഴ് റോക്കേഴ്സിന്റെ മൂന്നാം തല അഡ്മിനുമാണെന്നുമാണ് റിപ്പോർട്ട്.

നടൻ വിശാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെക്കുറിച്ചു പൊലീസിനു വിവരം നൽകിയത്. ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിയറ്റിൽ റിലീസ് ആകുന്നതിനൊപ്പം ചിത്രത്തിന്റെ പകർപ്പുകൾ സൗജന്യമായി വെബ്സൈറ്റിലൂടെ ലഭ്യമാക്കുകയാണ് ഇവർ ചെയ്തിരുന്നത്. സിനിമയുടെ വ്യാജപതിപ്പിറക്കി വ്യവസായത്തെ തുരങ്കം വയ്ക്കുന്നവർക്കെതിരെ വിശാലിന്റെ നേതൃത്വത്തിൽ തമിഴ് താരങ്ങൾ കുറച്ചുകാലമായി രംഗത്തുണ്ട്. ഗൗരി ശങ്കറിന്റെ അറസ്റ്റിനു പിന്നാലെ വിശാൽ പൊലീസ് സ്റ്റേഷനിൽ എത്തിയെന്നാണു വിവരം.

തമിഴ് ഗൺ ഉൾപ്പെടെ നൂറിലധികം വ്യാജ പേരുകളിൽ സൈറ്റുകൾ നടത്തിയാണ് പുതിയ സിനിമകൾ ഇയാൾ അപ് ലോഡ് ചെയ്തിരുന്നത്. നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും വ്യജപതിപ്പുകളുടെ പ്രചാരണം ഇവർ തുടരുകയായിരുന്നു. തമിഴ് കൂടാതെ, പുതിയ മലയാളം, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ പേർ വരുംദിവസങ്ങളിൽ പിടിയിലായേക്കുമെന്നാണ് സൂചന.

You might also like

Most Viewed