ഡൽ‍­ഹി­ മെ­ട്രോ­യിൽ‍ നി­രക്ക് വർ‍­ദ്ധന : ഓൺലൈൻ ടാ­ക്‌സി­കളെ­ സഹാ­യി­ക്കാ­നെ­ന്ന് ആക്ഷേ­പം


ന്യൂഡൽഹി : ഡൽ‍ഹി മെട്രോ യാത്രയുടെ നിരക്ക് വർദ്ധിപ്പിച്ചു. ഈ വർ‍ഷം മെയിലും ഡി.എം.ആർ‍.സി നിരക്ക് ഉയർ‍ത്തിയിരുന്നു. പുതിയ നിരക്ക് പ്രകാരം രണ്ട് കിലോമീറ്റർ‍ വരെ 10 രൂപ തന്നെയായിരിക്കും കൂലി. രണ്ട് മുതൽ‍ അഞ്ച് കിലോമീറ്റർ‍ വരെ നിലവിലുള്ള 15 രുപയിൽ‍ നിന്ന് 20 രൂപയായി ഉയരും. അഞ്ച് മുതൽ‍ 12 കിലോമീറ്റർ‍ വരെ 20 രൂപയായിരുന്ന നിരക്ക് 30 രൂപയാകും. 21−32 കിലോമീറ്റർ‍ യാത്രയ്ക്ക് 40 രൂപയ്ക്ക് പകരം 50 രൂപ നൽ‍കേണ്ടിവരും. 32 കിലോമീറ്റർ‍ മുകളിലുള്ള യാത്രയ്ക്ക് 50 രൂപയുടെ സ്ഥാനത്ത് 60 രൂപയായിരിക്കും നിരക്ക്.  പീക്ക് ടൈമുകളിൽ‍ സ്മാർ‍ട് കാർ‍ഡ് ഉപയോഗിച്ചുള്ള യാത്രയ്ക്ക് യഥാക്രമം 9, 18, 27, 36, 45, 54 രൂപയായിരിക്കും നിരക്കുകൾ‍. നോൺപീക്ക് ടൈമുകളിൽ‍ ഇത് 8, 16, 24, 32, 40, 48 രൂപ എന്നിങ്ങനെയായിരിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും നിരക്കിൽ‍ ഇളവുണ്ടാകും.

അതേസമയം, നിരക്ക് വർ‍ദ്ധനയെ ചൊല്ലി കേന്ദ്രവും ഡൽ‍ഹിയിലെ ആം ആദ്മി സർ‍ക്കാരും തുറന്ന ഏറ്റുമുട്ടലേക്ക് നീങ്ങുകയാണ്. ഒല, യൂബർ‍ തുടങ്ങിയ സ്വകാര്യ ഓൺലൈൻ ടാക്‌സി സർ‍വ്വീസുകളെ സഹായിക്കാനാണ് നിരക്ക് വർ‍ദ്ധന കൊണ്ടുവന്നിരിക്കുന്നതെന്ന് ഡൽ‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഇതിനു പിന്നിൽ‍ വൻ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡൽ‍ഹി മെട്രോയെ 'വിലകൂടിയ പൊതു ഗതാഗതം' ആക്കാനുള്ള ശ്രമമാണ് നടക്കുന്നത്.  ആം ആദ്മി പാർ‍ട്ടി ഇതിനെ അനുവദിക്കില്ലെന്നും സിസോദിയ പറഞ്ഞു. കേന്ദ്രം അനുവദിക്കുകയാണെങ്കിൽ‍ മെട്രോ ഏറ്റെടുക്കാൻ‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.  നിരക്ക് വർദ്ധനയ്‌ക്കെതിരെ ഡൽ‍ഹി നിയമസഭാ ഇന്നലെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. 

മെട്രോ നിരക്ക് ഉയരുന്നതോടെ ജനങ്ങൾ‍ ക്യാബുകളെ കൂടുതലായി ആശ്രയിക്കുമെന്നും ഇത് അന്തരീക്ഷ മലിനീകരണ തോത് വർ‍ദ്ധിക്കാനും ഇടയാക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

You might also like

Most Viewed