ആദായനികുതി വകുപ്പ് കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 1,430 കോടി രൂപയുടെ വരുമാനം


ചെന്നൈ : അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി ശശികലയുടെയും കുടുംബാംഗങ്ങളുടെയും വീടുകളിലും ജയ ടി.വിയുടെ ഓഫീസിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത 1,430 കോടി രൂപയുടെ വരുമാനം. ഇപ്പോൾ കണ്ടെത്തിയ കണക്ക് അന്തിമമല്ലെന്നും രേഖകളെല്ലാം വിശദമായി പരിശോധിച്ചു കഴിയുന്പോൾ വലിയ വ്യത്യാസം വന്നേക്കാമെന്നും  ആദായ നികുതിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏഴ് കോടി രൂപ പണമായും അഞ്ച് കോടിയുടെ സ്വർണവും വജ്രാഭരണങ്ങളുടെ വൻശേഖരവും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ മൂല്യം കണക്കാക്കി വരുന്നതേയൂള്ളൂ. ഇതിനായി വജ്രാഭരണ രംഗത്തെ വിദഗ്ദ്ധരെ വിളിച്ചുവരുത്തിയിട്ടുണ്ട്. മാത്രമല്ല, ശശികലയുടെ കുടുംബാംഗങ്ങളുടെ പേരിൽ നിരവധി വ്യാജ കന്പനികൾ രൂപീകരിച്ചിരിക്കുന്നത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ധാരാളം രേഖകളും കണ്ടെടുത്തവയിൽപ്പെടുന്നു. ഇവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 

തമിഴ്നാട്, പുതുച്ചേരി, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി 187 സ്ഥലങ്ങളിലായിരുന്നു പരിശോധന. ശശികല, സഹോദരപുത്രനും അണ്ണാ ഡി.എം.കെ വിമതനേതാവുമായ ടി.ടി.വി ദിനകരൻ എന്നിവരുടെ വീടുകളിലും ഇവരുടെ നിയന്ത്രണത്തിലുള്ള പാർട്ടി ചാനലായ ജയ ടി.വി, മുഖപത്രമായ നമത് എം.ജി.ആർ എന്നിവയുടെ ഓഫീസുകളിലും ജയലളിതയുടെ വേനൽക്കാല വസതിയായിരുന്ന കൊടനാട് എേസ്റ്ററ്റിലും പരിശോധന നടന്നു. നാനൂറിലേറെപ്പേരെ ചോദ്യം ചെയ്തതായാണ് വിവരം. അഞ്ച് ദിവസമാണ് റെയ്ഡ് നടന്നത്. നോട്ട് നിരോധനത്തിന് ശേഷമുള്ള ‘ഓപ്പൺ ക്ലീൻ മണി’യുടെ ഭാഗമായാണ് റെയ്ഡ് എന്നാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം. അതിനിടെ, ജയ ടി.വി എം.ഡിയും ശശികലയുടെ ബന്ധു ജെ.ഇളവരശിയുടെ മകനുമായ വിവേക് ജയരാമൻ ഇന്നലെ വൈകുന്നേരം നുങ്കന്പാക്കത്തെ ആദായനികുതി വകുപ്പ് അന്വേഷണ വിഭാഗത്തിന്റെ ഓഫീസിലെത്തി. റെയ്ഡിനോട് അനുബന്ധിച്ച് പിടിച്ചെടുത്ത രേഖകളെക്കുറിച്ചും മറ്റുമുള്ള വിവരങ്ങളിൽ ഒപ്പിടാനാണ് വിവേക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

You might also like

Most Viewed