ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാർ : കോടതി നിർത്തിവെച്ച് വാർത്താ സമ്മേളനം വിളിച്ചു

ന്യൂഡൽഹി : ഇന്ത്യൻ നീതിന്യായ വ്യവസ്ഥതിയിലെ അത്യപൂർവ സംഭവത്തിന് ഇന്ന് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതിയിലെ നാല് ജഡ്ജിമാർ കോടതികൾ നിർത്തി വെച്ച് വാർത്താസമ്മേളനം നടത്തി. മുതിർന്ന ജഡ്ജിമാരായ ജെ. ചലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചീഫ് ജസ്റ്റീസിനെതിരെ പരസ്യ നിലപാട് പ്രഖ്യാപിച്ചത്.
സുപ്രീംകോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്ന ഗുരുതര ആരോപണമാണ് ജഡ്ജിമാർ ഉന്നയിച്ചത്. രാജ്യ താൽപര്യം നീതിപൂർവ്വം നടത്താനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി ഉണ്ടെന്ന് ജഡ്ജിമാർ തുറന്നടിച്ചു. വർഷം കഴിയുന്പോൾ തങ്ങൾ ഒന്നും മിണ്ടാതെയും ചെയ്യാതെയും കടന്നുപോയവരാണെന്ന പഴി കേൾക്കേണ്ടതില്ലല്ലോ എന്നോർത്താണ് കാര്യങ്ങൾ പരസ്യമാക്കുന്നത്. ചീഫ് ജസ്റ്റിസ് തുല്യരിൽ ഒരാൾ മാത്രമാണ്. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്. കേസുകൾ ജഡ്ജിമാർക്ക് വീതിച്ച് നൽകുന്നതിൽ മാനദണ്ധങ്ങൾ പാലിച്ചില്ല. ഇത് സുപ്രീംകോടതിയുടെ ആത്മാർത്ഥതയെ ഇല്ലാതാക്കിയെന്നും ജഡ്ജിമാരെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ജെ ചെലമേശ്വർ മാധ്യമങ്ങളോട് പറഞ്ഞു.
വിവിധ വിഷയങ്ങളിലുള്ള എതിർപ്പ് ചീഫ് ജസ്റ്റീസിനെ പല ഘട്ടങ്ങളിലായി അറിയിച്ചിരുന്നുവെന്ന് ജഡ്ജിമാർ വ്യക്തമാക്കി. എന്നാൽ എതിർപ്പുകൾ അറിയിച്ചെങ്കിലും കാര്യങ്ങൾക്കൊന്നും ഒരു മാറ്റവും സംഭവിച്ചില്ല. രണ്ടു മാസങ്ങൾക്കു മുന്പ് തങ്ങൾ ചീഫ് ജസ്റ്റിസിന് ഒരു കത്തു നല്കിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു അത്. ഇന്നു രാവിലെയും അക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാൽ ആ ചർച്ചയും പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് മാധ്യമങ്ങൾക്കു മുന്നിൽ എത്തിയതെന്നും ജഡ്ജിമാർ പറഞ്ഞു.
സൊറാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാൽ ഹരികിഷൻ ലോയ 2014ൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിനെ തുടർന്ന് മരണത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് അന്ന് ചെലമേശ്വർ അടക്കമുള്ള നാല് ജസ്റ്റിസുമാർ ചീഫ് ജസ്റ്റിസിന് കത്ത് നല്കിയിരുന്നു. ഈ കത്തിനെക്കുറിച്ചാണ് ജസ്റ്റിസുമാർ സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഈ കത്ത് ഇന്ന് മാധ്യമങ്ങൾക്കു നല്കുകയും ചെയ്തു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ ഇടപെടുന്നു. പ്രശ്നത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പ്രധാനമന്ത്രി നിയമ മന്ത്രി രവിശങ്കർ പ്രസാദിനോട് ആവശ്യപ്പെട്ടു. രവിശങ്കർ പ്രസാദ് നാല് ജഡ്ജിമാരെയും കണ്ട് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. സുപ്രീംകോടതിയിൽ നടന്ന അസാധാരണ സംഭവങ്ങൾക്കു പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണും. അറ്റോർണി ജനറലിനോടൊപ്പമാകും ചീഫ് ജസ്റ്റിസ് മാധ്യമങ്ങളുടെ മുന്നിലെത്തുക എന്നാണ് റിപ്പോർട്ടുകൾ.