കർഷക പ്രക്ഷോ­ഭം : ആവശ്യങ്ങളെ­ല്ലാം രണ്ടു­ മാ­സംകൊ­ണ്ട് പരി­ഹരി­ക്കു­മെ­ന്ന് സർ­ക്കാ­ർ


മുംബൈ : മഹാരാഷ്ട്ര കർഷക പ്രക്ഷോഭം പിൻവലിച്ചു.  കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. കർഷകർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ടു മാസംകൊണ്ട് പരിഹരിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പുനൽകി.

കർഷകർ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് പഠിക്കാനും നടപ്പാക്കുന്നതിനും ആറംഗ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. കർഷക കുടുംബങ്ങളിലെ അംഗങ്ങൾക്ക് ഓരോരുത്തർക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നൽകും. ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ടു മാസത്തിനകം എടുക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ സാന്നിധ്യത്തിൽ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലായിരുന്നു കർഷക നേതാക്കളുമായി ചർച്ച നടന്നത്. കർഷകർ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായാണ് റിപ്പോർട്ട്.

കാർഷിക കടങ്ങൾ പൂർണ്ണമായും എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ കർഷകർ പ്രക്ഷോഭം ആരംഭിച്ചത്. വനഭൂമി കൃഷിക്കായി വിട്ടുനൽകുക, സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കുക, വിളനാശം സംഭവിച്ച കർഷകർക്ക് ഏക്കറിന് 40,000 രൂപവീതം നൽകുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആദിവാസികൾ അടക്കമുള്ള കർഷകരുടെ പ്രക്ഷോഭം. ഏറെക്കാലമായുള്ള ഈ ആവശ്യങ്ങൾ അംഗീകരിക്കെപ്പടാെത വന്നതോെടയാണ് സമരം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി 30,000 കർഷകരുടെ ലോങ് മാർച്ച് ആറാം തീയതിയാണ് നാസിക്കിലെ സി.ബി.എസ് ചൗക്കിൽനിന്ന് ആരംഭിച്ചത്. സി.പി.എമ്മിന്റെ കർഷക സംഘടനയായ അഖില ഭാരതീയ കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. പ്രതിദിനം ശരാശരി 35 കിലോമീറ്റർ വീതം സഞ്ചരിച്ചാണ് കർഷകർ 180 കിലോമീറ്റർ സഞ്ചരിച്ച് മുംബൈയിൽ എത്തിച്ചേർന്നത്. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റ് വളയാനായിരുന്നു തീരുമാനം.

സമരത്തിന്റെ രൂക്ഷത ബോധ്യപ്പെട്ടതിനെ തുടർന്നാണ് കർഷകരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസ് തയ്യാറായത്. 12 അംഗങ്ങൾ അടങ്ങുന്ന കർഷക നേതാക്കളും ആറ് സർക്കാർ പ്രതിനിധികളുമാണ് ചർച്ച നടത്തിയത്.

You might also like

Most Viewed