9 ജവാൻമാർക്ക് വീരമൃത്യു


റായ്പുർ : ഛത്തിസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ ഒന്പത് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ മൈൻ പ്രൊട്ടക്റ്റഡ് വെഹിക്കിളിനു (എംപിവി) നേരെയുണ്ടായ ബോംബാക്രമണത്തിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. സുഖ്മ ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ 5 ജവാന്മാർക്ക് പരിക്കേറ്റു. ഇവരിൽ 3 പേരുടെ നില അതീവ ഗുരുതരമാണ്. 

കിസ്താറാം വനമേഖലയിൽ പട്രോളിങ്ങ് നടത്തവെ സിആർപിഎഫിന്റെ 212ാം ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്. ഛത്തിസ്ഗഢിന്റെ തലസ്ഥാനമായ റായ്പുറിനു 500 കിലോമീറ്റർ ദൂരെയാണ് ഈ വനപ്രദേശം. ബോംബാക്രമണത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതായിരുന്നു സൈന്യം സഞ്ചരിച്ച വാഹനം. എന്നാൽ വൻതോതിൽ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് മാവോയിസ്റ്റുകൾ എംപിവി തകർത്തതെന്നു സൈനിക വക്താവ് അറിയിച്ചു.

മെഡിക്കൽ സംഘത്തെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായും സിആർപിഎഫ് വ്യക്തമാക്കി. സുഖ്മയിൽ 11 മാസം മുൻപും സൈന്യത്തിനു നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായിരുന്നു. അന്ന് ഒരു നിർമ്മാണ മേഖലയിലേക്ക് ഇരച്ചെത്തിയ മുന്നൂറോളം നക്സലുകളുടെ ആക്രമണത്തിൽ 25 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. സുഖ്മയിൽ കഴിഞ്ഞ വർഷം മാർച്ചിലുണ്ടായ ആക്രമണത്തിൽ 12 സിആർപിഎഫ് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിൽ രണ്ടു വർഷത്തിനിടെ ഇതുവരെ മുന്നൂറോളം മാവോയിസ്റ്റുകളാണു കൊല്ലപ്പെട്ടത്.

സുഖ്മ ആക്രമണത്തെ അപലപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഛത്തീസ്ഗഡിലെത്താന്‍ സിആർ‍പിഎഫ് ഡയറക്ടർ ജനറലിന് നിർ‍ദ്ദേശം നൽ‍കി. സംഭവത്തിൽ സിആർ‍പിഎഫ് ഡയറക്ടർ ജനറലിനോട് രാജ്‍നാഥ് സിംഗ് റിപ്പോർ‍ട്ട് തേടി.

You might also like

Most Viewed