ദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം ഗുജറാത്തിൽ കണ്ടെത്തി


സൂറത്ത് : കഠ്‌‌വ, ഉന്നാവ് പീഢനങ്ങളുടെ ഭീതി മാറും മുന്പേ ഗുജറാത്തിൽനിന്നൊരു മാനഭംഗ വാർത്ത. ദേഹത്ത് 86 മുറിവുകളുമായി പതിനൊന്നു വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരിക്കുന്നതിന് മുന്പ് ഒരാഴ്ചക്കാലമെങ്കിലും പെണ്‍കുട്ടി ക്രൂരമായി പീഢിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി. സൂറത്തിനു സമീപം ബെസ്താനിൽന്ന് ഏപ്രിൽ ആറിനാണ് മൃതദേഹം ലഭിച്ചതെന്നാണ് സൂചന. ഇവിടുത്തെ ക്രിക്കറ്റ് മൈതാനത്തിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്.

മൃതദേഹത്തിലെ മുറിവുകളില്‍ ചിലത് ഏഴു ദിവസവും ചിലത് ഒരു ദിവസവും പഴക്കമുള്ളതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതില്‍ നിന്നാണ് കുട്ടി ചുരുങ്ങിയത് എട്ട് ദിവസമെങ്കിലും പീഢിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കുട്ടിയെ തിരിച്ചറിയുന്നതിനായി അടുത്ത കാലത്ത് കാണാതായ ആളുകളുടെ പട്ടിക പൊലീസ് ശേഖരിക്കുകയാണ്. മറ്റെവിടെയെങ്കിലും വച്ച് കൃത്യം നിർവഹിച്ചശേഷം പെൺകുട്ടിയെ ഇവിടെ കൊണ്ടുവന്ന് ഇട്ടതായുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ലൈംഗിക പീഢനം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സ്വകാര്യഭാഗങ്ങളിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ മുറിവുകളും മരം കൊണ്ടുള്ള ആയുധം കൊണ്ടാണെന്ന് സൂറത്ത് സര്‍ക്കാർ ഹോസ്പിറ്റലിലെ ഫോറന്‍സിക് മേധാവി ഗണേശ് ഗോവ്കര്‍ പറഞ്ഞു. കഠ്‌വ, ഉന്നാവ പീഢനങ്ങളില്‍ രാജ്യമാകെ രോഷം അലയടിക്കവേയാണ് പുതിയ സംഭവം പുറത്തെത്തുന്നത്. രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടുമെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മാതൃ സംസ്ഥാനത്തുനിന്ന് സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

You might also like

Most Viewed