കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്നു വീണ്ടും സുപ്രീംകോടതി കൊളീജിയം


ന്യൂഡൽഹി : ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്നു സുപ്രീംകോടതി കൊളീജിയം നാളെ കേന്ദ്രസർക്കാരിനോടു വീണ്ടും ആവശ്യപ്പെട്ടേക്കും. കൊളീജിയത്തിലെ മുതിർന്ന അംഗമായ ജസ്റ്റിസ് കുര്യൻ ജോസഫാണ് കഴിഞ്ഞദിവസം ഇതേക്കുറിച്ച് സൂചിപ്പിച്ചത്. കൊളീജിയവും കേന്ദ്രസർക്കാരും തമ്മിൽ വീണ്ടും ഏറ്റുമുട്ടലിനു വഴിതുറന്നേക്കാവുന്ന തീരുമാനമായിരിക്കും അത്.

കൊളീജിയം രണ്ടാമതും ആവശ്യപ്പെട്ടാൽ പരമാവധി വൈകിപ്പിക്കാമെന്നല്ലാതെ കേന്ദ്രസർക്കാരിനു നിരാകരിക്കാനാവില്ല. ഈ വർഷം ജനുവരി പത്തിനാണു ജസ്റ്റിസ് ജോസഫിനെയും അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്നു ശുപാർശ ചെയ്തത്. ഇതിന്മേൽ തീരുമാനമെടുക്കാതെ മൂന്നു മാസം വൈകിപ്പിച്ച ശേഷമാണു കേന്ദ്രസർക്കാർ ഇന്ദു മൽഹോത്രയെ മാത്രം നിയമിക്കാൻ തീരുമാനിച്ചത്.

ജോസഫിന്റെ കാര്യത്തിൽ നേരത്തേയും കേന്ദ്രസർക്കാർ ഇതുപോലെ കാലതാമസം വരുത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. രണ്ടു വർഷം മുൻപ് ആരോഗ്യപരമായ കാരണങ്ങളാൽ ഉത്തരാഖണ്ഡിൽനിന്ന് അദ്ദേഹം സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നു. ജോസഫിനെ ആന്ധ്രപ്രദേശ്–തെലങ്കാന ഹൈക്കോടതിയിലേക്കു മാറ്റാൻ കൊളീജിയം ശുപാർശ ചെയ്തതാണ്. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തില്ല.

ജസ്റ്റിസ് ജോസഫിനു സ്ഥാനക്കയറ്റം നൽകുന്നതിനെതിരായി സർക്കാർ കണ്ടെത്തിയ കാരണങ്ങൾക്കുള്ള മറുപടിയോടെയായിരിക്കും വീണ്ടും ശുപാർശ അയയ്ക്കുക. വസ്തുതകൾ വ്യക്തമാക്കുകയും മുൻപ് ഇത്തരം കീഴ്‌വഴക്കം ഉണ്ടായിട്ടില്ലെന്ന് അറിയിക്കുകയും ചെയ്യും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പുറമെ മുതിർന്ന ജഡ്ജിമാരായ ജെ.ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗൊഗോയി, മദൻ ബി. ലോക്കുർ എന്നിവരാണു കൊളീജിയത്തിലെ അംഗങ്ങൾ.

You might also like

Most Viewed