ആധാർ കാർഡില്ലെങ്കിലും സിം കാർഡ് നല്‍കാൻ കേന്ദ്രസർ‌ക്കാരിന്റെ നിർദേശം


ന്യൂഡൽഹി : ആധാർ കാർഡില്ലെങ്കിലും ഉപഭോക്താക്കൾക്ക് സിം കാർഡ് നല്‍കാൻ കേന്ദ്രസർ‌ക്കാർ അനുമതി. ഡ്രൈവിങ് ലൈസൻസ്, പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും രേഖ ആധാറിനു പകരമായി സ്വീകരിച്ച് സിംകാർഡ് വിതരണം ചെയ്യാനാണ് നിർദേശം. ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനായി ഇക്കാര്യം അടിയന്തരമായി നടപ്പാക്കാനാണ് മൊബൈല്‍കന്പനികളോട് ആവശ്യപ്പെട്ടിരുന്നതെന്ന് ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജൻ പറഞ്ഞു.

അധാർ കാർഡില്ലാത്ത കാരണം പറഞ്ഞു രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് സിം കാർഡ് നിഷേധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അധാർ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ആധാറില്ലാതെയും സിം കാർഡ് വിതരണം ചെയ്യാമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നതാണ്. മറ്റു കെവൈസി (നോ യുവർ കസ്റ്റമർ) രേഖകൾ സ്വീകരിച്ച് സിം കാർഡ് നൽകുന്നതു തുടരാനാണ് നിർദേശമെന്ന് അരുണ സുന്ദരരാജൻ വ്യക്തമാക്കി.

നേരത്തെ ടെലികോം മന്ത്രാലയത്തിൽ നിന്നു ലഭിച്ച നിർദേശപ്രകാരം ആധാർ രേഖകൾ ഉപയോഗിച്ചാണ് മൊബൈൽ കമ്പനികൾ പരിശോധനകൾ പൂർത്തിയാക്കിയിരുന്നത്. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരെയും രാജ്യം സന്ദർശിക്കുന്ന വിദേശികളെയുമാണ് ഇത് കൂടുതൽ ബാധിച്ചത്. ആധാർ കാർഡില്ലാത്തതിനാൽ പലർക്കും സിം കാർഡ് നിഷേധിക്കുന്നത് പതിവായിരുന്നു. സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്എംഎസ്, ഫോൺ കോൾ എന്നിവയിലൂടെ കമ്പനികളും ഉപഭോക്താക്കളെ അറിയിച്ചിരുന്നു. സർക്കാർ നിർദേശം നടപ്പാക്കുകയാണെന്ന് മാത്രമാണ് കമ്പനികൾ ഇതിനായി ന്യായീകരണം പറഞ്ഞിരുന്നത്.

You might also like

Most Viewed