ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാന്പത്തിക ശക്തി

ന്യൂഡൽഹി : 2017ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാന്പത്തിക ശക്തിയായെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. ഫ്രാൻസിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ കുതിപ്പ്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 2.597 ലക്ഷം കോടി ഡോളറും ഫ്രാൻസിന്റെത് 2.582 ലക്ഷം കോടി ഡോളറുമാണ്. കേന്ദ്രസർക്കാരിന്റെ പരിഷ്കരണ പദ്ധതികളുടെ പിൻബലത്തിൽ മാനുഫാക്ചറിംഗ് മേഖല കാഴ്ചവച്ച വളർച്ചയും ഉപഭോക്തൃ ചെലവിലുണ്ടായ ഉണർവുമാണ് കഴിഞ്ഞ വർഷം ഇന്ത്യയുടെ നേട്ടത്തിന് പിന്നിലുള്ളത്.
2018−19 കാലയളവിൽ 7.5 ശതമാനം ജി.ഡി.പി വളർച്ച പ്രതീക്ഷിക്കുന്ന ഇന്ത്യ ഈ വർഷം ബ്രിട്ടനെ പിന്നിലാക്കുമെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ ഇന്ത്യൻ ജി.ഡി.പിയെക്കാൾ 2,500 കോടി ഡോളറിന് മുന്നിലാണ് ബ്രിട്ടന്റെ ജി.ഡി.പി. 2024ഓടെ ജർമ്മനിയെ പിന്നിലാക്കി നാലാം സ്ഥാനവും ഇന്ത്യ നേടും. 2024ൽ ജർമ്മനിയെക്കാൾ 400 കോടി ഡോളറിന്റെ മാത്രം വർദ്ധനയുമായി 4.2 ലക്ഷം കോടി ഡോളറായിരിക്കും ഇന്ത്യയുടെ ജി.ഡി.പി.
ഇന്ത്യയുടെ ആളോഹരി വരുമാനം 1964 ഡോളറാണ്. ഫ്രാൻസിന്റെതാകട്ടെ ഇതിനേക്കാൾ 20 മടങ്ങാണ്. ബ്രിട്ടന്റെത് 42,515 ഡോളർ. ഇനിയൊരു നൂറ്റാണ്ടെങ്കിലും പിന്നിട്ടാലെ ഇന്ത്യക്കാർക്ക് ബ്രിട്ടീഷുകാരുടെ വരുമാനത്തിന്റെ അടുത്തെങ്കിലും എത്താൻ കഴിയൂ, ഇന്ത്യ 2018ൽ 7.4 ശതമാനവും 2019ൽ 7.8 ശതമാനവും വളരുമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തൽ. ചൈനയുടെ വളർച്ച ഈവർഷം 6.6 ശതമാനവും 2019ൽ 6.4 ശതമാനവുമായിരിക്കും.